
റിയാദ്: സൗദിയില്‍ മൂന്നാം ഘട്ട വനിതാവല്‍ക്കരണം നിലവില്‍ വരുന്നതോടെ 80,000 സ്വദേശി യുവതികള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ സ്വകാര്യ സംരംഭകരില്‍ നിന്നു മികച്ച സഹകരണമാണ് ലഭിച്ചതെന്നും പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. മൂന്നാം ഘട്ട വനിതാവല്‍ക്കരണം ഒക്ടോബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ വനിതാ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഡോ. ഫാതിന്‍ അല്‍സാരി പറഞ്ഞു.
സ്വദേശി വനിതകള്‍ അര്‍പ്പണ ബോധത്തോടെയാണ് ജോലി ചെയ്യുന്നത്. വിഷന്‍ 2030 പദ്ധതി ലക്ഷ്യം കാണുന്നതിന് പ്രാദേശിക തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ വനിതള്‍ക്ക് ജോലി കണ്ടെത്തുന്നതിന് മൂന്നാം ഘട്ട വനിതാവല്‍ക്കരണം നടപ്പിലാക്കുന്നത്.
വ്യോമഗതാഗതം നിയന്ത്രിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മേഖലയില്‍ സ്വദേശി യുവതികളെ നിയമിക്കും. ഇതിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന് കീഴിലെ സിവില്‍ ഏവിയേഷന്‍ ഹോള്‍ഡിംഗ് കമ്പനി പ്രാരംഭ നടപടി ആരംഭിച്ചിട്ടുണ്ട്. സൗദിയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജോലികളില്‍ വനിതകള്‍ ജോലി ചെയ്യുന്നില്ല. എന്നാല്‍ ഈ ജോലി ചെയ്യാന്‍ യോഗ്യരായ 80 യുവതികള്‍ പരിശീലനത്തിന് സന്നദ്ധരായിട്ടുണ്ടെന്നും ഡോ. ഫാതിന്‍ അല്‍സാരി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.