Currency

സൗദിയില്‍ വനിതാ ഡ്രൈവിങ് പഠന കോഴ്സ് വരുന്നു

സ്വന്തം ലേഖകന്‍Tuesday, October 3, 2017 8:18 am

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് പരിശീലനത്തിനായി പ്രത്യേക സ്‌കൂളുകള്‍ തുറക്കുന്നു. പ്രിന്‍സസ് നൂറ യൂണിവേഴ്സിറ്റിയാണ് ഡ്രൈവിങ് പഠന കോഴ്സിനൊരുങ്ങുന്നത്. പ്രത്യേക ഏജന്‍സികളുമായി സഹകരിച്ച് ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന്റെ പ്രാംരംഭ നടപടികള്‍ ആരംഭിച്ചതായി യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു. ഏകദേശം അറുപതിനായിരത്തോളം വനിതകളാണ് പ്രിന്‍സസ് നൂറ സര്‍വകലാശാലയില്‍ പഠനം നടത്തുന്നത്.

വനിതാ ഡ്രൈവിങ് അനുമതി നല്‍കിയ ശേഷം ആദ്യമായാണ് ഒരു സ്ഥാപനം സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാന്‍ പ്രത്യേക സംവിധാനം ഉപയോഗപ്പെടുത്തുമെന്നു പ്രഖ്യാപിക്കുന്നത്. ജോര്‍ദാന്‍, സുഡാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും വനിതാ പരിശീലകരെ കൊണ്ടു വരാന്‍ ശ്രമിക്കുമെന്നു സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്സിലെ ഡ്രൈവിങ് സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് മഖ്ഫൂര്‍ ആലു ബിശ്ര് പറഞ്ഞു.

വനിത ഡ്രൈവിങ് അനുവദിച്ചതിനു പിന്നാലെ സ്ത്രീകള്‍ക്ക് വാഹനം വാങ്ങാന്‍ സഹായ ധനം നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ വിവിധ വാഹന നിര്‍മ്മാണ കമ്പനികളും സൗദി രാജാവിന്റെ പുതിയ ചരിത്ര പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു രംഗത്തെത്തി.

അതേസമയം ആറായിരത്തിലധികം സൗദി വനിതകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. ജോര്‍ദാനില്‍ നിന്ന് മാത്രമായി 1470 സൗദി വനിതകള്‍ ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ജൂണിലാണ് വനിത ഡ്രൈവിങ് നിയമം പ്രാബല്യത്തില്‍ വരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x