ഭീകരപ്രവര്‍ത്തനത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭീകരവിരുദ്ധ നിയമം. ഭീകരര്‍ക്ക് 30 വര്‍ഷം വരെ ജയില്‍ ശിക്ഷയും 10 മില്യന്‍ സൗദി റിയാല്‍വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു.
റിയാദ്: സൗദിയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ ഭീകരവിരുദ്ധ നിയമം വരുന്നു. ഇതിനായി നിലവിലുള്ള നിമത്തില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് സൗദി ഭരണകൂടം. ഭീകരപ്രവര്‍ത്തനത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭീകരവിരുദ്ധ നിയമം. ഭീകരര്‍ക്ക് 30 വര്‍ഷം വരെ ജയില്‍ ശിക്ഷയും 10 മില്യന്‍ സൗദി റിയാല്‍വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു.
ജനങ്ങളുടെ മരണത്തില്‍ കലാശിക്കുന്ന ഭീകരാക്രമണം നടത്തുകയോ, അതിന് സാമ്പത്തിക സഹായം നല്‍കുകയോ ചെയ്താല്‍ വധശിക്ഷ ലഭിക്കും. ഭീകരവാദികളെ സഹായിക്കാനായി അധികാര ദുര്‍വിനിയോഗം നടത്തുകയോ, അല്ലെങ്കില്‍ ഭീകരവാദികളെ സഹായിക്കാനായി അയാളുടെ കഴിവോ സോഷ്യല്‍ മീഡിയ അക്കൗണ്ടോ ഉപയോഗിച്ചാല്‍ കുറഞ്ഞത് 15 വര്‍ഷം ജയില്‍ശിക്ഷ ലഭിക്കും.
രാജാവിനേയോ, കരീടാവകാശിയേയോ പരാമര്‍ശിക്കുകയും മതത്തേയും നീതിയേയും വെല്ലുവിളിക്കുകയും ചെയ്യുന്നവര്‍ക്ക് അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ഭീകരവാദത്തിലേക്ക് തിരിയുന്ന സൈനികര്‍ക്ക് 30 വര്‍ഷം വരെയും, ഭീകരവാദ റിക്രൂട്ട്മെന്റിന് സഹായിക്കുകയോ, അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയോ ചെയ്താല്‍ എട്ട് മുതല്‍ 25 വര്‍ഷം വരെയും ജയില്‍ ശിക്ഷ ലഭിക്കും.
ഭീകരവാദികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരിശീലന സൗകര്യമോ, പരിശീലനമോ നല്‍കുകയോ, അതിനായി മാദ്ധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് 10 മുതല്‍ 25 വര്‍ഷം വരെ തടവ് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.