
റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ തിരിച്ചറിയല്‍ കാര്‍ഡ് (ഇഖാമ) കയ്യില്‍ കരുതാതിരുന്നാല്‍ ആയിരം മുതല്‍ മൂവ്വായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്) വ്യക്തമാക്കി. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ പിഴയടച്ചാല്‍ വിട്ടയയ്ക്കും. ഇഖാമ കൈവശമില്ലാത്തത് നിയമലംഘനമായാണ് പരിഗണിക്കുക. എങ്കിലും തടവുശിക്ഷ അനുഭവിക്കേണ്ട കുറ്റമായി പരിഗണിക്കുന്നില്ലെന്നും ഇത്തരം നിയമലംഘനത്തിന് പിടിക്കപ്പെട്ടവരെ പിഴയടച്ചാല്‍ വിട്ടയയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം കാലാവധിയുള്ള ഇഖാമയുള്ളവര്‍ ഇഖാമ കയ്യില്‍ കരുതിയില്ലെങ്കിലും അവരെ ഇഖാമ, തൊഴില്‍ നിയമലംഘരായല്ല പരിഗണിക്കുന്നത്. ഇതിനാലാണ് തടവുശിക്ഷ നല്‍കാന്‍ വകുപ്പില്ലാത്തതെന്ന് മക്ക മേഖല ജവാസാത്തിലെ ഉസാമ അബൂമില്‍ഹ പറഞ്ഞു. എന്നാല്‍ വിദേശികള്‍ പുറത്തിറങ്ങുമ്പോള്‍ അവരുടെ ഇഖാമ കൈവശമുണ്ടായിരിക്കണം. അല്ലാത്തപക്ഷം ആയിരം മുതല്‍ മുവ്വായിരം റിയാല്‍ വരെ പിഴ ചുമത്താന്‍ നിയമം അനുവദിക്കുന്നുണ്ട്. പിഴയടച്ചാല്‍ ഇത്തരക്കാരെ മോചിപ്പിക്കുമെന്നും അബൂമില്‍ഹ വിശദീകരിച്ചു.
നിയമലംഘരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി രാജ്യത്ത് നടന്നുവരുന്ന വ്യാപകമായ പരിശോധനയുടെ ഭാഗമായാണ് ഇഖാമ സദാ കയ്യില്‍ കരുതണമെന്ന് വിദേശികളെ അധികൃതര്‍ ഓര്‍മിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.