
റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് കാറുകള്‍ ഓടിക്കാനുള്ള നിരോധനം നീക്കിയതിന് പിന്നാലെ മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസെന്‍സ് നല്‍കാനും തീരുമാനം. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. കാറുകള്‍ കൂടാതെ മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനു സൗദിയില്‍ വനിതകളെ അനുവദിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റാണ് അറിയിച്ചത്. ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വരാന്‍ ഇരിക്കെയാണ് പുതിയ മാറ്റങ്ങള്‍ കൂടി നടപ്പിലാക്കിയത്.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒന്നുതന്നെയായിരിക്കും ഡ്രൈവിങ് നിയമങ്ങള്‍. എന്നാല്‍, റോഡപകടങ്ങള്‍ ഉണ്ടാക്കുകയോ ഗതാഗതനിയമങ്ങള്‍ തെറ്റിക്കുകയോ ചെയ്യുന്ന സ്ത്രീകളെ വനിതകള്‍ നയിക്കുന്ന പ്രത്യേക സെന്ററുകളിലാകും കൈകാര്യം ചെയ്യുക. പ്രൈവറ്റ് ലൈസെന്‍സ് ലഭിക്കുന്നതിനും ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസെന്‍സ് ലഭിക്കുന്നതിനും 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 17 വയസ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയില്ലാത്ത താല്‍ക്കാലിക ലൈസെന്‍സ് അനുവദിക്കും. ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ഉടമകളുടെ ഫോട്ടോ പതിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ വ്യവസ്ഥകള്‍ തന്നെയായിരിക്കും വനിതകള്‍ക്കും ബാധകമെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസെന്‍സ് ഉള്ള വനിതകള്‍ക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസെന്‍സ് അനുവദിക്കും. എന്നാല്‍ വിദേശ ലൈസന്‍സിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ളതും കാലാവധിയുള്ളതുമായിരിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. അടുത്ത വര്‍ഷം ജുണ്‍ മുതലാണ് വനിതകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വരുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.