Currency

സൗദിയിലെ പ്രവാസികള്‍ക്കും ഇനി മുതല്‍ വിവാഹം വീട്ടില്‍ വച്ചു നടത്താം

സ്വന്തം ലേഖകന്‍Wednesday, January 3, 2018 7:14 am

ജിദ്ദ: സൗദിയിലെ പ്രവാസികള്‍ക്കും ഇനി വീടുകളില്‍ വെച്ച് വിവാഹം നടത്താം. പ്രവാസികളുടെ വിവാഹം വീട്ടില്‍ വെച്ച് നടത്തിക്കൊടുക്കാന്‍ സൗദി നീതിന്യായ മന്ത്രാലയം വിവാഹ രജിസ്ട്രേഷന്‍ ഓഫീസുകള്‍ക്ക് അനുമതി നല്‍കി. നിലവില്‍ രാജ്യത്തെ സ്വദേശികള്‍ക്ക് മാത്രമാണ് വീടുകളില്‍ വെച്ച് വിവാഹം നടത്താന്‍ അനുമതിയുണ്ടായിരുന്നത്. അതേസമയം പ്രവാസികള്‍ കോടതിയുടെ മുമ്പാകെ ആയിരുന്നു വിവാഹം നടത്തേണ്ടിയിരുന്നത്.

പ്രവാസികളോടുള്ള മാനുഷിക പരിഗണന വെച്ചാണ് ഈ നടപടിയെന്ന് സൗദി നിയമന്ത്രാലയം പറഞ്ഞു. നിലവിലെ രീതിയനുസരിച്ച് പ്രവാസികളായ വരനും വധുവും വധുവിന്റെ പിതാവും സാക്ഷികളുമെല്ലാം കോടതിയിലെത്തി വിവാഹച്ചടങ്ങുകള്‍ നടത്തിയ ശേഷം വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കുകയാണ് ചെയ്തിരിന്നത്.

വിവാഹം വീട്ടില്‍ വച്ച് നടത്താനാഗ്രഹിക്കുന്നവര്‍ അക്കാര്യം കാണിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഇഖാമ ഉള്‍പ്പെടെയുള്ള രേഖകളാണ് ഇങ്ങനെ രജിസ്ട്രേഷന്‍ നടത്താന്‍ വേണ്ടത്. പുതിയ നിയമപ്രകാരം കോടതിയുടെ പ്രതിനിധിയായി വിവാഹ ഓഫീസര്‍മാര്‍ വീടുകളില്‍ നടക്കുന്ന വിവാഹ കര്‍മങ്ങളില്‍ ഹാജരായി രജിസ്റ്ററില്‍ ബന്ധപ്പെട്ടവരെ കൊണ്ട് ഒപ്പുവയ്പ്പിക്കും. ഇങ്ങനെ വീടുകളിലെത്തി കല്യാണം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേകിച്ച് ഫീസ് നല്‍കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ആദ്യഘട്ടമെന്ന നിലയില്‍ റിയാദിലും മദീനയിലുമുള്ള പേഴ്സണല്‍ കോടതികള്‍ക്കു കീഴിലുള്ള പ്രദേശങ്ങളിലാണ് പുതിയ രീതിയിലുള്ള വിവാഹത്തിന് അനുമതി നല്‍കുക. പുതിയ നിയമം ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x