
റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് മത്സരങ്ങള്‍ കാണുന്നതിന് സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആദ്യമായി ഇതിനായുള്ള അവസരം ഒരുക്കിയിരിക്കുന്നത്. സ്വന്തമായി ഡ്രൈവിംഗ് അനുവദിച്ചതിനു പിന്നാലെയാണ് രാജ്യത്തെ സ്റ്റേഡിയങ്ങളിലേക്കു വനിതകള്‍ പ്രവേശിക്കുന്നതിന് അനുവാദം നല്‍കിയത്.
കഴിഞ്ഞ ഒക്ടോബര്‍ മാസമാണ് സൗദിയിലെ കളിക്കളങ്ങളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലു ശൈഖ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പതിനേഴാമത് സൗദി പ്രൊഫഷണല്‍ ലീഗ് മത്സരങ്ങളുടെ ഭാഗമായി ഇന്ന് ജിദ്ദയിലെ കിംഗ് അബ്ദുല്ല അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന അല്‍ അഹ്‌ലി, അല്‍ ബാതിന്‍ ക്ലബ്ബുകള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരമാണ് വനിതകള്‍ വീക്ഷിക്കുന്ന ആദ്യ മത്സരം.
ശനിയാഴ്ച റിയാദ് കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന അല്‍ ഹിലാല്‍ അല്‍ ഇത്തിഹാദ് മത്സരത്തിലേക്കും അടുത്ത ആഴ്ച ദമ്മാം പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ നടക്കുന്ന അല്‍ ഇത്തിഫാഖ്, അല്‍ഫൈസലി ക്ലബുകള്‍ തമ്മിലുള്ള മത്സരത്തിലേക്കും വനിതകള്‍ക്ക് പ്രവേശനം നല്‍കും.
പ്രാരംഭമായി മൂന്നു സ്റ്റേഡിയങ്ങളിലേക്ക് മാത്രമേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂവെങ്കിലും ഭാവിയില്‍ രാജ്യത്തെ മുഴുവന്‍ കളിക്കളങ്ങളിലും ഇത് പ്രവര്‍ത്തികമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.