
റിയാദ്: സൗദിയില്‍ നിയമലംഘകര്‍ വര്‍ധിക്കുന്നു. ഇതുവരെ നടത്തിയ പരിശോധനയില്‍ 7 ലക്ഷത്തോളം പേര് പിടിയിലായി. ഇതില്‍ ഒന്നര ലക്ഷത്തിലേറെപ്പേരെ നാടുകടത്തിയതായും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്നര മാസമായി നടത്തി വരുന്ന പരിശോധനയിലാണ് 6.71 ലക്ഷം പേര് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
പിടിയിലായവരില്‍ നാലര ലക്ഷത്തിലേറെ പേര് ഇഖാമ നിയമലംഘകരാണ്. ബാക്കി വരുന്ന ഒന്നര ലക്ഷത്തോളം പേര് തൊഴില്‍ നിയമലംഘകരാണ്. അതിര്‍ത്തി സുരക്ഷാ നിയമലംഘനം നടത്തിയ 60,000ത്തോളം പേരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഒന്നര ലക്ഷത്തിലധികം പേരെ നാടുകടത്തിയപ്പോള്‍ രണ്ട് ലക്ഷം പേര് ടിക്കറ്റ് ബുക്കിങ്ങിനും എംബസി നടപടിക്കും കാത്തിരിക്കുകയാണ്.
ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് നിയമലംഘനത്തിനുള്ള ശിക്ഷ നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ 1300 പേരും പിടിയിലായിട്ടുണ്ട്. ഇതില്‍ 198 പേര് സ്വദേശികളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.