Currency

സൗദിയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മൊബൈലുപയോഗിച്ചും വാഹനമോടിച്ചാല്‍ ക്യാമറയുടെ പിടിവീഴും

സ്വന്തം ലേഖകന്‍Wednesday, February 28, 2018 12:45 pm

 

റിയാദ്: സൗദി അറേബ്യയില്‍ ഇനി സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മൊബൈലുപയോഗിച്ചും വാഹനമോടിക്കുന്നവരെ ക്യാമറകള്‍ പിടികൂടും. ഇതുവരെ സൗദിയില്‍ ക്യാമറകള്‍ പിടികൂടിയിരുന്നത് സിഗ്‌നല്‍ ലംഘിച്ച് വാഹനമോടിക്കല്‍, അതിവേഗം എന്നിവയാണ്. സാഹിര്‍ ക്യാമറകള്‍ ഉപയോഗിച്ചാണ് ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താറ്. ഇനി മൊബൈല്‍ ഉപയോഗിച്ചാലും പിഴ മെസേജായെത്തും.

പരീശീലന അടിസ്ഥാനത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ വിജയം കണ്ടതോടെയാണ് ട്രാഫിക് വിഭാഗത്തിന്റെ പുതിയ നടപടി. റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പിഴ ഈടാക്കുക. മുന്‍ സീറ്റിലിരിക്കുന്ന രണ്ട് പേരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും പിഴ ലഭിക്കും. ഇതിന് പ്രത്യേക ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. വഴിയരികിലാണ് സാധാരണ സ്പീഡ് ക്യാമറകള്‍ ഘടിപ്പിക്കാറുള്ളത്. എന്നാല്‍ മുകളിലെ ലൊക്കേഷന്‍ ബോര്‍ഡുകളിലാണ് പുതിയ ക്യാമറകള്‍.

ഒന്നിലധികം ക്യാമറയുള്ള ഭാഗങ്ങളിലൂടെ കടന്നു പോകുന്നതിനനുസരിച്ച് നിയമലംഘനങ്ങള്‍ക്ക് ഒന്നലധികം പിഴയും ഒറ്റയടിക്ക് ലഭിക്കും. പൊലീസിന്റെ പ്രത്യേക വാഹനങ്ങളിലും ഈ ഓട്ടോമാറ്റിക് ക്യാമറകള്‍ ഉണ്ട്. 150 മുതല്‍ മുന്നൂറ് റിയാല്‍ വരെയാണ് പ്രദേശത്തിനനുസരിച്ച് പിഴത്തുക. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങില്‍ അടുത്തയാഴ്ച മുതല്‍ ക്യാമറകള്‍ പിഴ നല്‍കിത്തുടങ്ങും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x