Currency

സാമ്പത്തിക കുറ്റം: സൗദിയില്‍ നാല് വര്‍ഷം ജയിലില്‍ കഴിഞ്ഞ മലയാളി മോചിതനായി

സ്വന്തം ലേഖകന്‍Thursday, March 1, 2018 11:57 am

റിയാദ്: നാല് വര്‍ഷം സൗദിയിലെ ദമ്മാം ജയിലില്‍ കഴിഞ്ഞ മലയാളി മോചിതനായി. സാമ്പത്തിക കുറ്റം ചുമത്തി സ്പോണ്‍സര്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് ജയിലിലായ കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദാണ് മോചിതനായത്. നഷ്ടപരിഹാര തുകയായി 80,000 റിയാല്‍ കോടതിയില്‍ കെട്ടിവെച്ചതോടെയാണ് മോചനം സാധ്യമായത്. സാമൂഹ്യ പ്രവര്‍ത്തകരുടെയും നാട്ടുകാരായ പ്രവാസികളുടെയും ശ്രമഫലമായാണ് മോചനം.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുഹമ്മദ് സെയില്‍സ്മാന്‍ ജോലിയില്‍ ദമ്മാമില്‍ എത്തിയത്. സ്പോണ്‍സറുടെ കീഴിലുള്ള സ്റ്റോറില്‍ നിന്നും സാധനങ്ങള്‍ എടുത്ത് കടകളില്‍ വിതരണം ചെയ്യുന്ന ജോലിയായിരുന്നു മുഹമ്മദിന്റേത്. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകുന്നതിന് സ്പോണ്‍സറെ സമീപച്ചതോടെ സ്റ്റോറില്‍ 102000 റിയാലിന്റെ സ്റ്റോക്കില്‍ കുറവുണ്ടെന്നും അതിനുത്തരവാധി മുഹമ്മദാണെന്നും ആരോപിച്ച് സ്പോണ്‍സര്‍ കേസ് നല്‍കിയതോടെ ജയിലിലാകുകയായിരുന്നു.

പല തവണ കോടതി കേസ് വിളിച്ചെങ്കിലും സ്പോണ്‍സര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക കെട്ടിവെക്കാന്‍ മുഹമ്മദിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കേസ് നീണ്ട് പോകുകയായിരുന്നു. ഇതേ തുടര്‍ന്ന് മുഹമ്മദിന്റെ മോചനത്തിനായി നാട്ടുകാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ശ്രമമാരംഭിക്കുകയും സ്‌പോണ്‍സര്‍ നഷ്ടപരിഹാര തുകയില്‍ നിന്നും 22000 റിയാല്‍ വിട്ടുവീഴ്ചക്ക് തയ്യാറാവുകയും ചെയ്തതോടെയാണ് മോചനം സാധ്യമായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x