
ജിദ്ദ: റിയാദ്, ജിദ്ദ പട്ടണങ്ങളിലെ പുതിയ പബ്ലിക് ബസ് സര്‍വീസ് ആരംഭിച്ചു. സൗദി പബ്ലിക് ട്രാന്പോര്ട്ടേഷന് കീഴില്‍ അത്യാധുനിക ബസുകളാണ് സേവനത്തിന് എത്തുന്നത്. ജിദ്ദയില്‍ ജിദ്ദ മെട്രോ കമ്പനിയും റിയാദില്‍ റിയാദ് പട്ടണ വികസന ഉന്നതാധികാര അതോറിറ്റിയുമായിരിക്കും സര്‍വീസിന് മേല്‍നോട്ടം വഹിക്കുക.
നഗരത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസിന് മൂന്ന് റിയാലാണ് ടിക്കറ്റ് നിരക്ക്. പട്ടണങ്ങളിലെ നിലവിലെ മിനി ബസ് സര്‍വീസിന് പകരം മികച്ച രീതിയില്‍ പൊതുഗതാഗത സംവിധാനം ഒരുക്കണമെന്ന മന്ത്രി സഭാ തീരുമാനത്തെ തുടര്‍ന്നാണിത്. ഇക്കാര്യം പഠിക്കുന്നതിന് ഉന്നതാധികാര സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഈ സമിതിയാണ് പുതിയ ബസ് സര്‍വീസിന് പച്ചക്കൊടി കാട്ടിയത്. നാല് മാസം മുമ്പ് മന്ത്രിസഭ അംഗീകരിച്ചതനുസരിച്ചാണ് പൊതുഗതാഗത രംഗത്തേക്ക് പുതിയ ബസുകള്‍ രംഗപ്രവേശനം ചെയ്യുന്നത്. നിലവില്‍ സ്വന്തം ഉടമസ്ഥതയില്‍ ബസ് സര്‍വീസ് നടത്തുന്ന സ്വദേശികള്‍ക്ക് പൊതുഗതാഗത രംഗത്ത് തൊഴിലവസരം സൃഷ്ടിക്കാനും അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്. ദീര്‍ഘ ദൂര യാത്രക്കായും പുതിയ സേവനങ്ങളുണ്ടാകും.
തീരുമാനം നടപ്പാക്കുന്നതിന് മുമ്പായി ഉന്നതാധികാര സമിതി വിഷയം പഠിക്കുകയും മിനി ബസുകളുടെയും ജോലിക്കാരുടെയും കണക്കെടുക്കുകയും ഉടമകളുടെ സാമൂഹിക, സാമ്പത്തിക അവസ്ഥ മനസ്സിലാക്കുകയും ചെയ്തിരുന്നു. നിലവിലെ മിനി ബസ് ഡ്രൈവര്‍മാര്‍ക്ക് പുതിയ ബസുകളില്‍ ജോലി നല്കുന്ന കാര്യവും പരിഗണയിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.