
റിയാദ്: സൗദിയില്‍ 60 പിന്നിട്ട സ്വദേശികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കും. വയോധികര്‍ക്കുള്ള ആനുകൂല്യങ്ങളുടെ ഭാഗമായി 60 പിന്നിട്ട സ്വദേശികള്‍ക്കും ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനം. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യത്തിന്റെ ഭാഗമായി തൊഴിലില്ലാത്തവര്‍ക്ക് വേതനവും ലഭിക്കും.
ആരോഗ്യപരമായി യോഗ്യരാണെങ്കില്‍ പ്രായം മാത്രം കണക്കിലെടുത്ത് ഇത്തരക്കാര്‍ക്ക് തൊഴില്‍ തടയേണ്ടതില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പ്രായമാവുമ്പോള്‍ ആവശ്യമായ സാമ്പത്തിക സ്രോതസ്സിനും ഉന്‍മേഷത്തിനും സജീവതക്കും ജോലിയില്‍ തുടരുന്നത് നന്നായിരിക്കുമെന്നും വയോധികരുടെ ക്ഷേമത്തിന് വേണ്ടിയുള്ള അതോറിറ്റി അഭിപ്രായപ്പെട്ടു.
60 പിന്നിട്ടവര്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ സഹകരിക്കുമെന്ന് അധികൃതര്‍ വിശദീകരിച്ചു. രാജ്യത്തെ വയോധികരുടെ ഡാറ്റാബേസ് തയ്യാറാക്കുമെന്നും അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.