Currency

സൗദിയിലെ പുതിയ തിയറ്ററുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

സ്വന്തം ലേഖകന്‍Monday, April 23, 2018 10:58 am

റിയാദ്: സൗദിയില്‍ പുതിയ സിനിമാ തിയറ്ററുകള്‍ നിര്‍മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള നിയമാവലി പുറത്തിറക്കി. ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയയുമായി ഏകോപനം നടത്തി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയമാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. തിയറ്ററുകളുടെ ഏറ്റവും താഴെയുള്ള നില പാര്‍ക്കിങ്ങിനായി ഉപയോഗിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ.

പുതിയ തിയറ്റുകള്‍ക്കുള്ള പ്രധാന നിര്‍ദേശങ്ങളിവയാണ്:

തിയറ്ററുകള്‍ക്കകത്ത് തൊഴിലാളികള്‍ക്ക് താമസം ഒരുക്കരുത്. തിയറ്ററുകളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് പ്രത്യേക സ്ഥലം നീക്കിവെക്കണം. അടിയിലെ നില പാര്‍ക്കിങ് ആയി ഉപയോഗിക്കുന്നതിന് മാത്രമാണ് അനുമതി. തിയറ്ററുകള്‍ തമ്മില്‍ 1500 മീറ്ററിന്റെ അകലമുണ്ടായിരിക്കണം. സമീപത്തെ റോഡുകള്‍ പാര്‍ക്കിങുകളായി ഉപയോഗിക്കുന്നതിനും അനുവദിക്കില്ല. ടിക്കറ്റ് വില്‍പന കേന്ദ്രങ്ങള്‍ തിയറ്റര്‍ കെട്ടിടത്തിനകത്തായിരിക്കണം.

ജനവാസ കേന്ദ്രങ്ങളിലാകണം ഷോപ്പിങ് മാളുകളില്ലാതെ വേറിട്ട് പ്രവര്‍ത്തിക്കുന്ന സിനിമാ തിയറ്ററുകള്‍. തിയറ്ററുകളിലേക്കുള്ള പ്രവേശനവും പുറത്തേക്ക് കടക്കലും പ്രധാന റോഡ് വഴിയായിരിക്കണം. തിയറ്ററുകളിലെ ഓരോ മൂന്നു സീറ്റിനും ഒരു കാര്‍ പാര്‍ക്കിങ് വീതം ഒരുക്കണമെന്നും വ്യവസ്ഥയുണ്ട്. പാര്‍ക്കിങുകളില്‍ അഞ്ചു ശതമാനം വികലാംഗരുടെ വാഹനങ്ങള്‍ക്കു വേണ്ടി നീക്കിവെക്കണം. ബുധനാഴ്ചയാണ് രാജ്യത്ത് ആദ്യത്തെ തിയറ്റര്‍ തുറന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x