Currency

വനിതാ ടാക്‌സി സര്‍വീസുകള്‍ക്കുള്ള നിയമാവലി പുറത്തുവിട്ടു

സ്വന്തം ലേഖകന്‍Saturday, May 5, 2018 11:22 am

റിയാദ്: സൗദിയില്‍ നിലവില്‍ വരുന്ന വനിതാ ടാക്‌സി സര്‍വീസുകള്‍ക്കുള്ള നിയമാവലി പൊതുഗതാഗത മന്ത്രാലയം പുറത്തുവിട്ടു. നിയമമനുസരിച്ചു കുറഞ്ഞത് 7 സീറ്റുകളെങ്കിലുമുള്ള വാഹനങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കൂ. അടുത്ത മാസം 24 മുതലാണ് സൗദിയില്‍ വനിതാ ഡ്രൈവിങ്ങിനു അനുമതി നല്‍കിയിരിക്കുന്നത്. അതോടൊപ്പം വനിതാ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കാനും അനുവാദമുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ഈടാക്കും. വനിതാ ടാക്‌സി സര്‍വീസുകള്‍ നടത്താന്‍ രാജ്യത്തെ സ്വദേശികള്‍ക്കു മാത്രമേ അനുവാദം നല്‍കുന്നുള്ളു. ടാക്‌സി സര്‍വീസിന് പൊതുഗതാഗത മന്ത്രാലയത്തിന്റെ ചില നിബദ്ധനകള്‍ കൂടി പാലിക്കേണ്ടതുണ്ട്. ചുരുങ്ങിയത് 7 സീറ്റുകളെങ്കിലും ഉള്ള 5 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത വാഹനങ്ങള്‍ മാത്രമേ സര്‍വീസിനായി ഉപയോഗിക്കാവൂ. വാഹനത്തില്‍ ട്രാക്കിങ് ഉപകരണം, കാശ് അടക്കുന്നതിനുള്ള സംവിധാനം എന്നിവ ഉണ്ടായിരിക്കണം. പുരുഷ യാത്രക്കാരോടൊപ്പം പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ വനിതാ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ പറ്റൂ. ഇത് ലംഘിച്ചാല്‍ ഡ്രൈവര്‍ക്കു 5,000 റിയാലായിരിക്കും പിഴ. വിദേശ വനിതകള്‍ ടാക്‌സി ഓടിച്ചു പിടിക്കപ്പെട്ടാലും പിഴ 5,000 റിയാലായിരിക്കും.

മുന്നില്‍ ഡ്രൈവര്‍ക്കു സമീപമുള്ള സീറ്റില്‍ ആണ്‍കുട്ടികളോ പുരുഷന്മാരോ ഇരിക്കാന്‍ പാടില്ല. ഇത് ലംഘിച്ചാലുള്ള പിഴ 2,000 റിയാല്‍ ആയിരിക്കും. കൂടെയുള്ള സ്ത്രീ യാത്രക്കാര്‍ ഇറങ്ങിയതിനു ശേഷം അവശേഷിക്കുന്ന പുരുഷ യാത്രക്കാരെയോ ആണ്‍കുട്ടികളെയോ മാത്രം വാഹനത്തില്‍ ഇരുത്തി യാത്ര തുടരാന്‍ അനുവാദമില്ല. സര്‍വീസിനായി അനുവദിക്കപ്പെട്ട നഗരത്തിനു പുറത്തേക്കു പോവാനുള്ള അനുവാദവുമില്ല. ഇത് ലംഘിച്ചാല്‍ 500 റിയാല്‍ പിഴ അടക്കേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x