Currency

സൗദിയിലെ ആദ്യ വനിതാ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായി ഇനാം ഗാസി

സ്വന്തം ലേഖകന്‍Friday, May 18, 2018 12:11 pm

റിയാദ്: വനിതാ ഡ്രൈവിങിന് അനുമതിക്ക് ഒരു മാസം അവശേഷിക്കെ സൗദിയില്‍ ഓണ്‍ലൈന്‍ ടാക്സി മേഖലയില്‍ ആദ്യമായി വനിതക്ക് നിയമനം. ഇനാം ഗാസി അല്‍ അസ് വദ് എന്ന സിറിയിക്കാരിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. സിറിയന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ട് ഇവര്‍ക്ക്. സൗദി ലൈസന്‍സ് ലഭിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി വരികയാണ് ഗാസി. ഓണ്‍ലൈന്‍ ടാക്സിയായ കരീം വനിത ടാക്സി സര്‍വീസ് വിഭാഗത്തിലാണ് ഇനാം ഗാസി നിയമിതയായത്. രണ്ട് മക്കളുള്ള ഇനാം ഗാസി വിവാഹമോചിതയാണ്. 2013 മുതല്‍ സ്വന്തം വാഹനത്തിനുടമയാണ്. സുരക്ഷയും വരുമാനവും ലക്ഷ്യം വെച്ചാണിവര്‍ ഈ മേഖലയിലേക്കെത്തുന്നത്.

അടുത്ത മാസം 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി ലഭിക്കുക. കഴിഞ്ഞ സെപ്റ്റംബറിലാണ് സല്‍മാന്‍ രാജാവ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. 3000 ത്തോളം വനിതകളാണ് കരീമില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നടത്താന്‍ അപേക്ഷിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള പരിശീലനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x