Currency

അല്‍ഹറമൈന്‍ അതിവേഗ റെയില്‍വെ പദ്ധതിയില്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു

സ്വന്തം ലേഖകന്‍Tuesday, May 22, 2018 1:03 pm

റിയാദ്: സൗദിയില്‍ ആരംഭിച്ച അല്‍ഹറമൈന്‍ അതിവേഗ റെയില്‍വെ പദ്ധതിയില്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഹജ്ജ്-ഉംറ തീര്‍ഥാടകരെ ലക്ഷ്യം വെച്ച് ആരംഭിച്ച അല്‍ഹറമൈന്‍ റെയില്‍വെ പദ്ധതിയില്‍ അടുത്ത സെപ്റ്റംബറോടെ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടനുബന്ധിച്ചുള്ള പരീക്ഷണ ഓട്ടവും റെയിലുകളുടെ അറ്റകുറ്റപ്പണികളും ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അല്‍ഹറമൈന്‍ റെയില്‍വേ പദ്ധതി നിലവില്‍ വരുന്നതോടെ ജിദ്ദ-മക്ക-മദീന തീര്‍ഥാടകര്‍ക്ക് യാത്ര സുഗമമാവും.

ആഴ്ചയില്‍ നാല് സര്‍വീസുകള്‍ വീതമായിരിക്കും ആദ്യഘട്ടത്തില്‍ ഉണ്ടാവുക. പദ്ധതി പൂര്‍ണമായും നിലവില്‍ വരാന്‍ വീണ്ടും ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. ജിദ്ദയില്‍ രണ്ടു വീതം സ്റ്റേഷനുകള്‍ ഉണ്ടാവും. പ്രധാന സ്റ്റേഷന്‍ സുലൈമാനിയയിലാണ്. പുതുതായി നിലവില്‍ വരുന്ന വിമാനത്താവളത്തിനടുത്താണ് ജിദ്ദയിലെ രണ്ടാമത്തെ സ്റ്റേഷന്‍. ഹറമില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ അല്‍ റസീഫ ഡിസ്ട്രിക്റ്റിലാണ് മക്കയിലെ സ്റ്റേഷന്‍. ഹറമൈന്‍ റെയില്‍വേ വഴി മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിനുകള്‍ ഓടുക.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാധാരണ യാത്രക്കാര്‍ക്കായി 35 ട്രെയിനുകളും പ്രായം കൂടിയവര്‍ക്ക് മാത്രം പ്രത്യേകമായി ഒരു ട്രെയിനും സര്‍വീസിനുണ്ടാവും. റെയില്‍വേ വഴി യാത്ര ചെയ്യുന്നവരില്‍ നിന്നും കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുക എന്ന് അധികൃതര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x