Currency

നിപ്പാ വൈറസ്: കേരളത്തിലേക്കുള്ള യാത്രയില്‍ മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യങ്ങള്‍

സ്വന്തം ലേഖകന്‍Wednesday, May 23, 2018 6:39 pm

ദുബായ്: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യങ്ങള്‍. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റും മുംബൈയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റുമാണ് മുന്നറിയിപ്പ് നല്‍കിയത്. കേരളത്തിലേക്കുള്ള യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി മുംബൈയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കുന്നതിന് വേണ്ടിയാണ് മുന്നറിയിപ്പ് നല്‍കിയതെന്നും കോണ്‍സുലേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.

കേരളത്തില്‍ വരുന്ന പൗരന്‍മാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് അറിയിച്ചു. ഇന്ത്യന്‍ അധികൃതര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് നല്‍കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും യുഎഇ കോണ്‍സുലേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു. അത്യാവശ്യ ഘട്ടത്തില്‍ യുഎഇ പൗരന്‍മാര്‍ക്ക് ബന്ധപ്പെടാന്‍ 00919087777737 എന്ന നമ്പറോ വിദേശകാര്യ മന്ത്രാലയത്തിന്റെ കോള്‍ സെന്ററോ (80044444) ഉപയോഗിക്കാമെന്ന് ട്വിറ്ററില്‍ വ്യക്തമാക്കുന്നു.

അതേസമയം, കേരളത്തിലെ നിപ്പ വൈറസ് ബാധയെക്കുറിച്ചു വിനോദസഞ്ചാരികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരെ അറിയിച്ചു. വിനോദസഞ്ചാരികള്‍ക്ക് ഒരു തടസ്സവുമില്ലാതെ, സുരക്ഷിതമായി കേരളം സന്ദര്‍ശിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x