Currency

സൗദിയില്‍ ഒരു റിയാല്‍ നോട്ടിന് പകരം ഇനി നാണയങ്ങള്‍

സ്വന്തം ലേഖകന്‍Friday, May 25, 2018 11:51 am

റിയാദ്: സൗദിയില്‍ ഒരു റിയാല്‍ നോട്ടിന് പകരം ഇനി മുതല്‍ നാണയങ്ങളാണ് പ്രചാരത്തിലുണ്ടാവുക. നോട്ടുകള്‍ പിന്‍വലിക്കുന്നത് ആരംഭിച്ചതായി കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി. ഘട്ടം ഘട്ടമായാണ് നാണയം വിപണിയിലെത്തിക്കുക. നാണയങ്ങള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നേരെ ശക്തമായ നടപടിയുണ്ടാകും.

ഒരു ഹലല, അഞ്ചു ഹലല, പത്തു ഹലല, ഇരുപത്തിയഞ്ചു ഹലല, അമ്പതു ഹലല, ഒരു റിയാല്‍, രണ്ടു റിയാല്‍ നാണയങ്ങളാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ വലിപ്പത്തിലും ഭാരത്തിലുമാണ് പുതിയ നാണയങ്ങളെത്തുന്നത്. നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ നാണയങ്ങള്‍ക്കൊപ്പം ഒരു റിയാല്‍ കറന്‍സി നോട്ടുകള്‍ക്കും സാധുതയുണ്ടാകുമെന്ന് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി അഥവാ സാമ അറിയിച്ചു. നിശ്ചിത സമയക്രമം അനുസരിച്ച് ഒരു റിയാല്‍ കറന്‍സി വിപണിയില്‍ നിന്ന് പിന്‍വലിക്കാനാണ് പദ്ധതി. രാജ്യത്ത് ക്രയവിക്രയം ചെയ്യപ്പെടുന്ന കറന്‍സി നോട്ടുകളുടെ എണ്ണത്തില്‍ 49 ശതമാനവും ഒരു റിയാല്‍ കറന്‍സിയാണ്. എന്നാല്‍ ഒന്നര വര്‍ഷമാകുമ്പോഴേക്കും ഈ നോട്ടുകള്‍ നശിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x