Currency

കാനഡ കുടിയേറ്റക്കാരുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള സംവിധാനം പരിഷ്‌കരിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, January 9, 2019 2:49 pm

ഒട്ടാവ: കാനഡയില്‍ വര്‍ഷങ്ങളായി കുടിയേറിയിട്ടുള്ള വിദേശികളുടെ മാതാപിതാക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ പരിഷ്‌ക്കരിക്കും. കുടിയേറ്റക്കാരുടെ ആശ്രിതരേയും മാതാപിതാക്കളെയും കൊണ്ടുവന്ന് താമസിപ്പിക്കുന്നതിനുള്ള വിസ നടപടികള്‍ ജനുവരി അവസാനത്തോടെ പുതിയ സംവിധാനത്തിലേക്ക് കൊണ്ടുവരുമെന്നാണ് ട്രൂഡോ സര്‍ക്കാരിന്റെ വാഗ്ദാനം. നേരത്തെ ലോട്ടറി സംവിധാനം അനുസരിച്ചാണ് കുടുംബാംഗങ്ങള്‍ക്ക് വിസ അനുവദിച്ചിരുന്നത്.

അതിനാല്‍ അപേക്ഷയുടെ കാലാവധിയോ പഴക്കമോ പരിഗണിക്കപ്പെട്ടിരുന്നില്ല. വര്‍ഷങ്ങളായി അപേക്ഷ നല്‍കി കാത്തിരുന്ന പലര്‍ക്കും വിസ ലഭിക്കാതെ വരികയും ഭാഗ്യമുള്ളവര്‍ക്ക് മാത്രം കിട്ടുകയും ചെയ്യുന്ന രീതിയായിരുന്നു. ഈ സംവിധാനം മാറ്റി പകരം ക്വാട്ട സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം.

കഴിഞ്ഞ ഓഗസ്റ്റിലാണ് ലോട്ടറി സംവിധാനത്തിന് മാറ്റമുണ്ടാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപനം നടത്തിയത്. 2019 ജനുവരി അവസാനത്തോടെ ഇത് പ്രാവര്‍ത്തികമാകുമെന്നായിരുന്നു വാഗ്ദാനം. 2019 ഓടെ 20500 രക്ഷകര്‍ത്താക്കളെയും ഗ്രാന്‍ഡ് പാരന്റ്സിനെയും ക്വാട്ട സംവിധാനത്തിലൂടെ കുടിയേറാന്‍ അനുവദിക്കുമെന്നാണ് ട്രൂഡോ പറഞ്ഞത്. ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള വിസാ അപേക്ഷ പരിപാടികള്‍ ആരംഭിക്കുകയാണെന്ന് 2018 ഡിസംബര്‍ 31 സോഷ്യല്‍ മീഡിയയിലൂടെ കുടിയേറ്റ, അഭയാര്‍ത്ഥി കാനഡ പുനരധിവാസ വകുപ്പ് വക്താവ് അറിയിച്ചിരുന്നു.

അപേക്ഷകള്‍ ഉടനെ സ്വീകരിക്കുമെന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ നടപടികള്‍ ജനുവരി അവസാനത്തോടെയേ ആരംഭിക്കു. അതിനുമുമ്പ് എല്ലാവരെയും അറിയിക്കുമെന്നും കുറിപ്പിലുണ്ട്. കനേഡിയന്‍ പൗരന്മാര്‍ തന്നെ ലോട്ടറി സംവിധാനത്തെക്കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ക്വാട്ട സംവിധാനം കൊണ്ടുവരുന്നതെന്ന് ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി അഹമ്മദ് ഹുസൈനും വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x