Currency

സിഡ്‌നിയില്‍ ഇനി ഡ്രൈവറില്ലാ ട്രെയിനുകള്‍; നിര്‍മ്മിച്ചിരിക്കുന്നത് ഇന്ത്യയില്‍

സ്വന്തം ലേഖകന്‍Wednesday, January 16, 2019 12:59 pm

സിഡ്‌നി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി സിഡ്‌നിയില്‍ ഡ്രൈവര്‍ ഇല്ലാതെ തനിയെ ഓടുന്ന ട്രെയിനില്‍ സഞ്ചരിക്കാം. ഇന്ത്യയില്‍ നിര്‍മ്മിച്ച 17 ട്രെയിനുകള്‍ ഉള്‍പ്പെടെ 22 ട്രെയിനുകളാണ് ഏപ്രിലില്‍ ഓടിത്തുടങ്ങുന്നതെന്ന് NSW പ്രീമിയര്‍ ഗ്ലാഡിസ് ബെറജക്ലിയന്‍ അറിയിച്ചു. സിഡ്നിയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശദേശത്തുള്ള പുതിയ തല്ലാവോങ് സ്റ്റേഷനില്‍ നിന്നും നഗരത്തിന്റെ വടക്കന്‍ പ്രദേശമായ ചാറ്റ്‌സ് വുഡ് വരെയാണ് ഈ ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

8.3 ബില്യണ്‍ ഡോളറാണ് ഡ്രൈവര്‍ ഇല്ലാ ട്രെയിനുകള്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ഇതില്‍ 500 മില്യണ്‍ ആണ് ആദ്യ ഘട്ടത്തിനായി ചിലവഴിച്ചത്. ഡ്രൈവറില്ലാ ട്രെയിന്‍ കഴിഞ്ഞ ദിവസം 36 കിലോമീറ്റര്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തില്‍, ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസം ആദ്യം യാത്രക്കാര്‍ക്കായി ഓടി തുടങ്ങുമെന്ന് NSW പ്രീമിയര്‍ ഗ്ലാഡിസ് ബെറജക്ലിയന്‍ അറിയിച്ചു.

ഇതോടെ ഓസ്ട്രേലിയയിലെ ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ ആകും സിഡ്‌നി നോര്‍ത്ത് വെസ്റ്റ് മെട്രോ. സിഗ്‌നലും മറ്റ് സാങ്കേതിക പരിശോധനകളും പൂര്‍ത്തിയാക്കി നാഷണല്‍ സേഫ്റ്റി റെഗുലേറ്ററിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ട്രെയിന്‍ ഓടി തുടങ്ങുന്ന തീയതിയില്‍ വ്യക്തത വരൂ.

ഇത്തരത്തില്‍ ആറ് ബോഗികളുള്ള 22 ട്രെയിനുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ 17 എണ്ണം ഇന്ത്യയിലെ ചെന്നൈയ്ക്കടുത്ത്, തമിഴ്‌നാട്- ആന്ധ്ര അതിര്‍ത്തിയിലുള്ള ശ്രീ സിറ്റിയിലെ നിര്‍മ്മാണയൂണിറ്റിലാണ് നിര്‍മ്മിച്ചത്. ആല്‍സ്റ്റം എന്ന ഫ്രഞ്ച് കമ്പനിയാണ് ഇന്ത്യയില്‍ ഈ ട്രെയിനുകള്‍ നിര്‍മ്മിച്ച് എത്തിച്ചിരിക്കുന്നത്.

ഡ്രൈവറില്ലാ ട്രെയിനിന്റെ രണ്ടാം ഘട്ടം സിഡ്‌നി നഗരവും ചാറ്റ്‌സ് വുഡ്, സിഡ്‌നം എന്നീ പ്രദേശങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. 2024 ഓടെ രണ്ടാം ഘട്ടത്തിന്റെ പണി പൂര്‍ത്തിയാക്കി ട്രെയിന്‍ ഓടിത്തുടങ്ങാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x