
ഓസ്ട്രേലിയ: ഓസ്ട്രേലിയയിലേക്ക് കുടിയേറിപ്പാര്‍ത്തവര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് മാതാപിതാക്കളെ കൊണ്ടുവരുന്നതിനുള്ള താല്‍ക്കാലിക സ്പോണ്‍സേര്‍ഡ് വിസ ഏപ്രില്‍ മുതല്‍. ഏപ്രില്‍ 17 മുതലാണ് സ്പോണ്‍സേര്‍ഡ് പേരന്റ് (താത്കാലിക) സബ്ക്ലാസ്സ് 870 അനുവദിച്ചു തുടങ്ങുന്നത്. ഈ ഗണത്തില്‍ ഏതാണ്ട് 15,000 വിസകള്‍ ഓരോ വര്‍ഷവും അനുവദിച്ചു നല്‍കുമെന്ന് കുടിയേറ്റ കാര്യ മന്ത്രാലയം വ്യക്തമാക്കി. മാതാപിതാക്കളെ കൊണ്ടുവരാന്‍ താല്പര്യപ്പെടുന്നവര്ക്ക് ഏപ്രില്‍ മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് കുടിയേറ്റകാര്യ മന്ത്രി ഡേവിഡ് കോള്മാന് അറിയിച്ചു.
അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായശേഷം ഇവര്‍ക്ക് രാജ്യത്തു കൂടുതല്‍ നാള് തങ്ങാനായി മറ്റൊരു വിസക്ക് കൂടി അപേക്ഷിക്കാവുന്നതാണ്. അഞ്ച് വര്‍ഷത്തിനു ശേഷം ചുരുങ്ങിയ കാലത്തേക്ക് ഓസ്ട്രേലിയക്ക് പുറത്തുപോകുകയും മറ്റൊരു അഞ്ച് വര്‍ഷ വിസക്ക് വീണ്ടും അപേക്ഷിക്കുകയും ചെയ്യാം.
പരമാവധി പത്തു വര്‍ഷം അച്ഛനമ്മമാര്‍ക്ക് തുടര്‍ച്ചയായി ഓസ്ട്രേലിയയില്‍ ജീവിക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ വിസ നിയമം. നിലവിലുള്ള സന്ദര്‍ശക വിസകള്‍ ഉപയോഗിച്ച് പന്ത്രണ്ട് മാസം മാത്രമേ തുടര്‍ച്ചയായി രാജ്യത്ത് ജീവിക്കാന്‍ കഴിയൂ. ആറു മാസത്തെ ഇടവേളയ്ക്കു ശേഷം മാത്രമാണ് വീണ്ടും സന്ദര്‍ശനം നടത്താന്‍ കഴിയുക.
നീണ്ട കാലത്തേക്ക് അച്ഛനമ്മമാര്‍ക്ക് രാജ്യത്ത് നില്ക്കാന് കഴിയുന്ന വിസയുടെ ഫീസും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. മൂന്നു വര്‍ഷ വിസക്ക് ഒരാള്‍ക്ക് 5000 ഡോളറും, അഞ്ചു വര്‍ഷ വിസക്ക് 10,000 ഡോളറും പത്ത് വര്‍ഷത്തേക്ക് 20,000 ഡോളറുമാണ് ഫീസ്. സ്പോണ്‍സര്‍ഷിപ്പിനായുള്ള അപേക്ഷയുടെ ഫീസ് 420 ഡോളറാണ്.
ഒരിക്കല്‍ സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കുന്ന സ്പോണ്സര്ക്ക് പിന്നീട് അച്ഛനമ്മമാരെ സ്പോണ്സര് ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ ഫെഡറല്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വാഗ്ദാനം നല്‍കിയിരുന്ന താല്‍ക്കാലിക പേരന്റ് വിസ നിയമമാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.