Currency

വിക്ടോറിയയില്‍ യംഗ് അച്ചീവര്‍ അവാര്‍ഡ് സ്വന്തമാക്കി മലയാളി

സ്വന്തം ലേഖകന്‍Tuesday, May 14, 2019 12:37 pm

വിക്ടോറിയ: വിക്ടോറിയയില്‍ യംഗ് അച്ചീവര്‍ അവാര്‍ഡ് സ്വന്തമാക്കി മലയാളി. വിക്ടോറിയയിലെ ഹോര്‍ഷത്ത് താമസിക്കുന്ന അരുണ്‍ തോമസിനാണ് അവാര്‍ഡ് ലഭിച്ചത്. സാമൂഹ്യസേവനരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്ന 29 വയസ്സും അതില്‍ താഴെയും പ്രായമായവര്‍ക്കായി അവാര്‍ഡ്‌സ് ഓസ്‌ട്രേലിയ നല്‍കുന്ന അവാര്‍ഡാണ് യംഗ് അച്ചീവര്‍ അവാര്‍ഡ്. മികച്ച നേതൃത്ത്വത്തിലൂടെ സമൂഹത്തില്‍ നല്ലരീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതിനാണ് അരുണിനെ ഈ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. വിക്ടോറിയയില്‍ ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ മലയാളികൂടിയാണ് അരുണ്‍.

ആദിമവര്‍ഗ്ഗക്കാര്‍ക്കും ടോറസ് സ്‌ട്രെയ്‌റ് ഐലന്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ലീഡര്‍ഷിപ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുകന്നതില്‍ അരുണ്‍ മികച്ച പങ്ക് വഹിച്ചിരുന്നു. സ്റ്റോള്‍ റീജിയണല്‍ ഹെല്‍ത്തില്‍ ബോര്‍ഡ് മെമ്പര്‍ ആയിരിക്കെ തന്ത്രപ്രധാനമായ നേതൃത്ത്വത്തിലൂടെ സമൂഹത്തിന് ഉപകാരപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരാനും അരുണിന് കഴിഞ്ഞു.

മെയ് 10 ന് മെല്‍ബണിലെ ഫ്‌ലെമിംഗ്ടണ്‍ റേസ്‌കോഴ്‌സില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് വിക്ടോറിയന്‍ പ്രീമിയരുടെ പാര്‍ലമെന്ററി സെക്രട്ടറി ഡാനി പിയേഴ്‌സണില്‍ നിന്നും അരുണ്‍ തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി. കൂടാതെ അരുണ്‍ നല്‍കിയ മികച്ച സേവനങ്ങള്‍ പരിഗണിച്ച് റോയല്‍ ഫ്‌ലയിംഗ് ഡോക്ടര്‍ സര്‍വീസിന്റെ ഈ വര്‍ഷത്തെ വിക്ടോറിയ റീജിയണല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് അചീവേഴ്‌സ് അവാര്‍ഡും അരുണ്‍ സ്വന്തമാക്കി. നോവ 100 റേഡിയോ സംഘടിപ്പിച്ച പീപ്പിള്‍ ചോയ്‌സ് അവാര്‍ഡ് ജേതാവ് കൂടിയാണ് അരുണ്‍. ഏദന്‍ഹോപ് ഡിസ്ട്രിക്ട് മെമ്മോറിയല്‍ ആശുപതിയില്‍ റജിസ്റ്റേര്‍ഡ് നഴ്സാണ് അരുണ്‍.

വളരെ യാദൃശ്ചികമായാണ് ഈ പുരസ്‌കാരം തനിക്ക് ലഭിച്ചതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനവും അനുഗ്രഹീതവുമായ മുഹൂര്‍ത്തമാണ് ഇതെന്നും അരുണ്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x