Currency

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Saturday, May 25, 2019 1:13 pm

ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാനാവാതെ വന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രക്‌സിറ്റ് കരാര്‍ നടപ്പാക്കാന്‍ എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് മെയുടെ പടിയിറക്കം. ജൂണ്‍ ഏഴിന് രാജിക്കത്ത് ഔദ്യോഗികമായി സമര്‍പ്പിക്കുമെന്ന് തെരേസ മെയ് അറിയിച്ചു. തെരേസ മെയ് രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ഒരു തെരേസ മെയ് മന്ത്രിസഭയിലെ ഒരംഗം രാജിവച്ചിരുന്നു. ഇതോടെയാണ് സ്ഥാനമൊഴിയാന്‍ മെയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറിയത്.

ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനിപ്പിക്കുമെന്ന് തെരേസ മെയ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി പദത്തോടൊപ്പം ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിയുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മേയ്യുടെ രാജി ബ്രിട്ടണില്‍ വലിയ അധികാര വടംവലിക്കും തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുകെയുടെ രണ്ടാമത്തെ വനിതാ നേതാവാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും രാജ്യത്തെ സേവിക്കാന്‍ കിട്ടിയ അവസരം വലിയ അംഗീകാരമായി കാണുന്നുവെന്നും രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസംഗത്തില്‍ വികാരാധീനയായി മേയ് പറഞ്ഞു. ജൂണ്‍ ഏഴിന് തന്നെ മെയ് രാജിവച്ചാലും പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ എടുത്തേക്കും. അങ്ങനെയൊരു സാഹചര്യത്തില്‍ കാവല്‍ പ്രധാനമന്ത്രിയായി മെയ് തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x