Currency

വേനലവധി; സേവനങ്ങള്‍ മെച്ചപ്പെടുത്താനൊരുങ്ങി യു.എ.ഇ വിമാനത്താവളങ്ങള്‍

സ്വന്തം ലേഖകന്‍Tuesday, June 11, 2019 12:52 pm

ഷാര്‍ജ: വേനലവധിക്കാല തിരക്ക് മുന്‍നിര്‍ത്തി യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലും സേവനം മെച്ചപ്പെടുത്താന്‍ തീരുമാനം. കൂടുതല്‍ കൗണ്ടറുകള്‍ സജ്ജമാക്കിയും ഉദ്യോഗസ്ഥരെ നിയമിച്ചും കുറ്റമറ്റ ബദല്‍ സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ മാസാവസാനത്തോടെയാകും തിരക്ക് വര്‍ധിക്കുക.

ദുബായ്, അബൂദബി, ഷാര്‍ജ ഉള്‍പ്പെടെ പ്രധാന വിമാനത്താവളങ്ങളില്‍ അവധിക്കാലം മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തേണ്ട നടപടികള്‍ അധികൃതര്‍ ചര്‍ച്ച ചെയ്തു വരികയാണ്. ഈ മാസം മധ്യത്തോടെ തന്നെ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ധാരണ. അടുത്ത മാസം ആദ്യത്തിലാണ് യു.എ.ഇയില്‍ വിദ്യാലയങ്ങള്‍ വേനലവധിക്ക് അടക്കുന്നത്. തുടര്‍ന്നുള്ള രണ്ടു മാസങ്ങളില്‍ തിരക്ക് അതിന്റെ മൂര്‍ധന്യത്തിലെത്തും.

എല്ലാ വിമാനത്താവളങ്ങളിലെയും സേവനം മെച്ചപ്പെടുത്തി തിരക്ക് ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എയര്‍പോര്‍ട്ട്, ഗതാഗത വിഭാഗം, വിമാന കമ്പനികള്‍, കസ്റ്റംസ്, അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, വിവിധ പൊലീസ് വകുപ്പുകള്‍ എന്നിവ കൈകോര്‍ത്താണ് പദ്ധതികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x