
ന്യൂ സൗത്ത് വെയില്‍സ്: ഡിസംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ റോഡുകളില്‍ മൊബൈല്‍ ഉപയോഗം കണ്ടെത്താനുള്ള ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ എവിടെയൊക്കെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന കാര്യം സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. വാഹനം ഡ്രൈവ് ചെയ്യുന്നയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഇത് പകര്‍ത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിധത്തിലാകും ഈ ഹൈ ഡെഫനിഷന്‍ ക്യാമറകള്‍.
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടാന്‍ സംസ്ഥാനത്തെ റോഡുകളില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഹൈ ഡെഫനിഷന്‍ ക്യാമറകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നു. ഇതുവഴി ഒരു ലക്ഷത്തിലധികം പേര് സംസ്ഥാനത്ത് വാഹനം ഓടിക്കുന്നതിനിടെ സന്ദേശങ്ങള്‍ അയയ്ക്കാനും, ഫോണ്‍ കോളുകള്‍ ചെയ്യാനും, സമൂഹമാധ്യമങ്ങള്‍ നോക്കാനും മറ്റുമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
ന്യൂ സൗത്ത് വെയില്‍സിലെ റോഡുകളില്‍ ക്യാമറകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റോഡുകളില്‍ ഹൈ ഡെഫനിഷന്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഈ ക്യാമറകള്‍ക്കും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കില്ലെന്ന് NSW റോഡ് ഗതാഗത മന്ത്രി ആന്‍ഡ്രൂ കോണ്‍സ്റ്റന്‍സ് സ്ഥിരീകരിച്ചു.
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഏതു നിമിഷവും പിടിക്കപ്പെടാമെന്ന ചിന്ത ആളുകളില്‍ ഉണ്ടാവണം. അതുകൊണ്ടുതന്നെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
നിയമം ലംഘിച്ചാല്‍ കഠിന പിഴ: ക്യാമറകള്‍ സ്ഥാപിച്ച ആദ്യ മൂന്ന് മാസങ്ങളില്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാലും പിഴ ഈടാക്കുകയില്ല. പകരം നിയമം ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഒരു കത്ത് അയയ്ക്കും. ഇതിന് ശേഷം നിയമം ലംഘിച്ചാല്‍ 344 ഡോളറാണ് പിഴ. കൂടാതെ അഞ്ച് ഡീമെറിറ്റ് പോയിന്റുകളും ഉണ്ടാകും. മാത്രമല്ല, സ്കൂള്‍ പരിസരത്ത് വച്ചാണ് നിയമം ലംഘിക്കുന്നതെങ്കില്‍ 457 ഡോളറാണ് പിഴ.
ഇതിന് പുറമെ ഡബിള്‍ ഡീമെറിറ്റ് പോയിന്റുകള്‍ ഉള്ള പൊതുഅവധി ദിവസങ്ങളായ ഡിസംബര്‍ 20 മുതല്‍ ജനുവരി അഞ്ച് വരെയുള്ള കാലയളവില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 10 ഡീമെറിറ്റ് പോയിന്റുകളാകും ലഭിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.