
ഓസ്ട്രേലിയ: വിദേശത്തു നിന്നെത്തുന്ന നഴ്സുമാര്‍ക്കും മിഡൈ്വഫുമാര്‍ക്കും ഓസ്ട്രേലിയയില്‍ രജിസ്ട്രേഷന് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതല്‍ മാറ്റം വരുത്തിയിരുന്നു. രജിസ്ട്രേഷന് ലഭിക്കണമെങ്കില്‍ നിലവിലുള്ള ബ്രിഡ്ജിംഗ് കോഴ്സുകള്‍ക്ക് പകരം, ഔട്ട്കംസ് ബേസ്ഡ് അസസ്മെന്റ് (OBA) എന്ന പുതിയ രീതിയിലേക്കു മാറുന്നതിനുള്ള നടപടികളാണ് ഒക്ടോബറില്‍ തുടങ്ങിയത്.
2021 ഓടെ നഴ്സിംഗ് രജിസ്ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്സുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നാണ് നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് ഓഫ് ഓസ്ട്രേലിയ (NMBA) അറിയിച്ചിരിക്കുന്നത്. നിലവില്‍ ബ്രിഡ്ജിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രജിസ്ട്രേഷന് ലഭിക്കുകയുള്ളൂ. ഈ ബ്രിഡ്ജിംഗ് കോഴ്സ് നിര്‍ത്തലാക്കി അതിനു പകരം ഔട്ട്കംസ്-ബേസ്ഡ് അസസ്മെന്റ് അഥവാ OBA എന്ന പുതിയ സംവിധാനം കൊണ്ടുവരാനാണ് NMBA യുടെ തീരുമാനം.
പുതിയ സംവിധാനമായ ഔട്ട്കംസ് ബേസ്ഡ് അസസ്മെന്റ് (OBA) 2020 മാര്‍ച്ചില്‍ ആരംഭിക്കും. അതായത് OBA തെരഞ്ഞെടുക്കുന്നവര്‍ അസസ്മെന്റ് ചെയ്യാന്‍ മാര്‍ച്ച് വരെ കാത്തിരിക്കേണ്ടി വരും. ഇത് ജനുവരിയില്‍ തുടങ്ങുമെന്നാണ് നേരത്തെ ബോര്‍ഡ് അറിയിച്ചിരുന്നത്. 2021ഓടെ നഴ്സിംഗ് രജിസ്ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്സുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കും. എന്നാല്‍ നിലവില്‍ ബ്രിഡ്ജിംഗ് കോഴ്സ് തെരഞ്ഞെടുത്തവര്‍ക്ക് 2021ന് മുമ്പ് അതു അത് ചെയ്യാനുള്ള അവസരമുണ്ടാകും.
2020 ജനുവരി ഒന്നിനു ശേഷമുള്ള അപേക്ഷകര്‍ക്ക് ബ്രിഡ്ജിംഗ് കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയില്ല എന്ന് നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 2020 ജനുവരി ഒന്ന് എന്ന അവസാന തീയതില്‍ ഇപ്പോള്‍ NMBA മാറ്റം വരുത്തിയിട്ടുണ്ട്. 2020 ജനുവരി 31ന് മുന്‍പായി രജിസ്ട്രേഷന് അപേക്ഷിക്കുന്നവര്‍ക്ക് ബ്രിഡ്ജിംഗ് കോഴ്സുകള്‍ തെരഞ്ഞെടുക്കാം.
എന്താണ് ഔട്ട്കംസ്-ബേസ്ഡ് അസസ്മെന്റ്?:
രണ്ടു ഘട്ടങ്ങളായാണ് ഔട്ട്കംസ്-ബേസ്ഡ് അസസ്മെന്റ് നടത്തുന്നത്. പ്രധാനമായും അപേക്ഷകരുടെ വിശകലനശേഷിയും ഓര്‍മ്മശക്തിയുമെല്ലാം പരിശോധിക്കുന്ന കോഗ്നിറ്റീവ് പരീക്ഷയായിരിക്കും ആദ്യ ഘട്ടം. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യോത്തരളായിരിക്കും ഈ പരീക്ഷയില്‍.
ആദ്യഘട്ടം ജയിക്കുന്നവര്‍ക്ക് മാത്രമേ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയൂ. ബിഹേവിയറല്‍ അസസ്മെന്റ് എന്നതാണ് രണ്ടാം ഘട്ടം. ഓസ്ട്രേലിയയില്‍ നഴ്സായി ജോലി ചെയ്യുന്നതിന് ആവശ്യമായ അറിവും കഴിവുമുണ്ടോ എന്നു പരിശോധിക്കുന്നതാണ് ഇത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.