
ദുബായ്: മുതിര്‍ന്ന പൗരന്മാര്ക്കും നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്കും വീടുകളില്‍ മരുന്ന് എത്തിച്ചു നല്കുന്ന ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ പദ്ധതി ‘ദവാഈ’ രാജ്യത്തുടനീളം വ്യാപിപ്പിക്കും. ദുബായ് കേന്ദ്രീകരിച്ച് നടന്നിരുന്ന മെഡിസിന് ഹോം ഡെലിവറി പദ്ധതിയാണ് കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിലുടനീളം നടപ്പാക്കുക. മെഡിസിന് ഹോം ഡെലിവറി സേവനം നല്കുന്ന ആദ്യത്തെ അതോറിറ്റിയായ ഡി.എച്ച്.എ കഴിഞ്ഞ ഡിസംബറിലാണ് ഈ സേവനം ആരംഭിച്ചത്.
ലോക്ക്ഡൗണ്‍ ഉള്‍പെടെ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും വീടുകളില്‍ സുരക്ഷിതവും ആരോഗ്യകരവുമായി കഴിയുന്നത് ഉറപ്പുവരുത്തുന്നതിനായാണ് സേവനം വിപുലീകരിക്കുന്നത്. തെരെഞ്ഞെടുക്കപ്പെട്ട ഫാര്‍മസിസ്റ്റ് തന്നെ വീടുകളില്‍ പോയി മരുന്നുകളും കൗണ്‍സിലിംഗും നല്‍കിവരുന്ന പദ്ധതിയാണിത്. കോവിഡ് വൈറസിനെതിരെ ഡി.എച്ച്.എ നടത്തുന്ന പ്രതിരോധ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ദുബായില്‍ നിന്ന് യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും വിതരണം സാധ്യമാക്കിയിരിക്കുകയാണിപ്പോള്.
‘ദവാഈ’ ഹോം ഡെലിവറി കമ്പനിയായ തലാബാത്തുമായി സഹകരിച്ച് ഡി.എച്ച്.എ നല്കുന്ന ലിസ്റ്റുകളെ അടിസ്ഥാനമാക്കി രാജ്യവ്യാപകമായി സേവനങ്ങള്‍ നല്‍കുമെന്ന് ഡി.എച്ച്.എയിലെ ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.