Currency

ഓസ്ട്രേലിയയില്‍ പുതുക്കിയ പൗരത്വ പരീക്ഷ നവംബറില്‍

സ്വന്തം ലേഖകന്‍Monday, September 7, 2020 1:09 pm

ഓസ്ട്രേലിയ: ഓസ്ട്രേലിയന്‍ പൗരത്വത്തിനായുള്ള പുതുക്കിയ പരീക്ഷ നവംബറില്‍. ഓസ്‌ട്രേലിയന്‍ മൂല്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരീക്ഷയില്‍ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് ആക്ടിംഗ് കുടിയേറ്റ കാര്യ മന്ത്രി അലന്‍ ടഡ്ജ് വ്യക്തമാക്കി. ലളിതമായ ഭാഷയില്‍, ജനാധിപത്യ വ്യവസ്ഥക്ക് ചേര്‍ന്ന വിധത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും.

പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഇത് സംബന്ധിച്ച ഒരു ലഖുലേഖ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. പൗരത്വ പരീക്ഷയില്‍ ഇംഗ്ലീഷ് പരിജ്ഞാനം പരിശോധിക്കാനുള്ള പരീക്ഷ ഉള്‍പ്പെടുത്തില്ലെന്നും മന്ത്രി അലന്‍ ടഡ്ജ് സ്ഥിരീകരിച്ചു.

‘ഓസ്ട്രേലിയന്‍ പൗരത്വം എന്നത് ഒരു ഉത്തരവാദിത്വമാണ്. അത് മൂല്യങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കും നിയമം പാലിക്കുന്നവര്‍ക്കും ലഭിക്കേണ്ടതാണ്.’ ഓസ്ട്രേലിയയിലേക്ക് എത്തുന്നവര്‍ രാജ്യത്തിന്റെ മൂല്യങ്ങളെക്കുറിച്ച് മനസിലാക്കേണ്ടത് ആവശ്യമാണ്. അത് ലക്ഷ്യമിട്ടാണ് ഈ മാറ്റമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ 20 ചോദ്യങ്ങളുള്ളതാണ് പൗരത്വ പരീക്ഷ. ഓസ്ട്രേലിയന്‍ ചരിത്രത്തെയും നിയമങ്ങളെയും കുറിച്ചാണ് ഇവ. വിവിധ കുടിയേറ്റ വിസകള്‍ക്കും, പൗരത്വത്തിനും അപക്ഷിക്കുന്നവര്‍ ഓസ്ട്രേലിയന്‍ മൂല്യങ്ങള്‍ പാലിക്കും എന്ന ഒരു പ്രസ്താവന ഒപ്പിടേടതുണ്ട്. ഈ പ്രസ്താവനയും നവീകരിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത് സംബന്ധിച്ച കാര്യം നാഷണല്‍ പ്രസ് ക്ലബ്ബില്‍ വച്ചാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. 2020 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 150,171 പേരാണ് പൗരത്വം നേടാന്‍ കാത്തിരിക്കുന്നത്.

#Australian citizenship test


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x