Currency

ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കും

സ്വന്തം ലേഖകന്‍Monday, September 14, 2020 6:50 pm

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് മറ്റ് എമിറേറ്റിലേക്കുള്ള ബസ് സര്‍വീസുകള്‍ 15 മുതല്‍ പുനരാരംഭിക്കും. അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ജുബൈല്‍ ബസ് സ്റ്റേഷന്‍ 15ന് തുറക്കുമെന്ന് ഷാര്‍ജ അധികൃതര്‍ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി മുന്നോട്ടുവെച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ബസുകള്‍ ഓടിത്തുടങ്ങുക. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് ശേഷിയുടെ 50 ശതമാനം പേരെ മാത്രമാണ് ബസില്‍ പ്രവേശിപ്പിക്കുക.

യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. കൈയില്‍ സാനിറ്റൈസര്‍ കരുതണം. സാമൂഹിക അകലം ഉറപ്പാക്കാന്‍ സീറ്റുകളില്‍ സ്റ്റിക്കര്‍ പതിച്ചിരിക്കും. വിലക്കുള്ള സീറ്റില്‍ ഇരിക്കാന്‍ പാടില്ല. ഓരോ ട്രിപ്പിന് ശേഷവും ബസുകള്‍ അണുവിമുക്തമാക്കുമെന്നും ഷാര്‍ജ പൊലീസ് സെന്റട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. അഹമ്മദ് സഈദ് അല്‍ നഊര്‍ പറഞ്ഞു.

ഷാര്‍ജയില്‍ താമസിച്ച് മറ്റ് എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയാണിത്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഏപ്രില്‍ മാസത്തിലാണ് ഈ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x