Currency

ദുബായില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം; ഏഴ് കോടി സമ്മാനം, 25 പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് സമ്മാനം

സ്വന്തം ലേഖകന്‍Tuesday, March 23, 2021 12:49 pm

ദുബായ്: അല്‍ഖൂസ് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് കമ്പനിയിലെ മലയാളികളടക്കമുള്ള 25 ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. മലയാളിയായ രാഹുല്‍ കോവിത്തല താഴേവീട്ടി(34)ലിന്റെ പേരിലാണ് ഇവര്‍ ടിക്കറ്റെടുത്തത്.

കഴിഞ്ഞ 12 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന രാഹുല്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് കമ്പനിയില്‍ ഫിനാന്‍സ് ഓഫീസറാണ്. ഈ സംഘം കഴിഞ്ഞ നാല് വര്‍ഷമായി ടിക്കറ്റെടുത്ത് വരികയായിരുന്നു. ഇവരില്‍ കൂടുതല്‍ പേരും ബസ് ഡ്രൈവര്‍മാരാണ്.

1999 ല്‍ ആരംഭിച്ച ശേഷം ഈ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 178ാമത്തെ ഇന്ത്യക്കാരാണ് രാഹുലും ടീമും. രാത്രി ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. കിരീടം ചൂടി റഷ്യന്‍ ടെന്നിസ് താരം അസ് ലന്‍ കറാസേവാണ് 353 സീരീസിലുള്ള 4960 നമ്പര്‍ വിജയ ടിക്കറ്റ് എടുത്തത്.

സാധാരണ രാവിലെയാണ് നറുക്കെടുപ്പ് നടക്കാറുള്ളത് എന്നതിനാല്‍ ആ സമയത്ത് സമ്മാനവിവരവുമായി ഫോണ്‍കോള്‍ എത്തിയപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് രാഹുല്‍ പറഞ്ഞു. ഇന്ന് മറ്റൊരു ഫോണ്‍ കോളും ഇമെയിലും ലഭിച്ചു. ഫെബ്രുവരി 25ന് ഓണ്‍ലൈനിലൂടെയാണ് രാഹുല്‍ ടിക്കറ്റെടുത്തത്. 1000 ദിര്‍ഹം വിലയുള്ള ടിക്കറ്റിനായി ഇദ്ദഹം 100 ദിര്‍ഹം ചെലവഴിച്ചപ്പോള്‍ ബാക്കി 900 ദിര്‍ഹം 24 പേര്‍ ചേര്‍ന്ന് നല്‍കി.

ഏറെ കാലമായി കാത്തിരുന്ന സമ്മാനമാണിത്. പക്ഷേ, തുക എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചില്ലെന്ന് രാഹുല്‍ പറഞ്ഞു. സമ്മാനം നേടിയ സംഘത്തിലൊരാളായ ടി.ജി.സജീവ് കുമാറും മലയാളിയാണ്. ഇദ്ദേഹം കമ്പനിയില്‍ ഫോര്‍മാനായി ജോലി ചെയ്യുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x