Currency

ബുറൈദയില്‍ വനിതാ പ്രകടനം, പ്രതികളുടെ വിചാരണ ആരംഭിച്ചു

സ്വന്തം ലേഖകന്‍Friday, November 25, 2016 2:36 pm

നിയമം ലംഘിച്ച് പ്രകടനം നടത്തുകയും ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നുമാണ് 13 വനിതകള്‍ക്കെതിരേയുള്ള കുറ്റാരോപണം. ആഭ്യന്തര മന്ത്രിയുടെ ഫോട്ടോ കത്തിച്ചതായും പബ്ലിക് പ്രോസിക്യൂഷന്‍ ആരോപിച്ചു.

റിയാദ്: സൗദി അറേബ്യയിലെ ബുറൈദയില്‍ പ്രകടനം നടത്തിയ വനിതകളുടെ വിചാരണ റിയാദില്‍ ആരംഭിച്ചു. നിയമം ലംഘിച്ച് പ്രകടനം നടത്തുകയും ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നുമാണ് 13 വനിതകള്‍ക്കെതിരേയുള്ള കുറ്റാരോപണം. ആഭ്യന്തര മന്ത്രിയുടെ ഫോട്ടോ കത്തിച്ചതായും പബ്ലിക് പ്രോസിക്യൂഷന്‍ ആരോപിച്ചു. തീവ്രവാദ കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് 13 പ്രതികളുടെ കേസ് പരിഗണിക്കുന്നത്. അതേസമയം വിചാരണ വേളയില്‍ പ്രതികളാരും കോടതിയില്‍ ഹാജരായില്ല. വിചാരണയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

ക്രമസമാധാനം ലംഘിച്ച് ദേശവിരുദ്ധ പ്രകടനം നടത്തിയ പ്രതികള്‍ രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പരമാവധി കടുത്ത ശിക്ഷ പ്രതികള്‍ക്ക് നല്‍കണം. ശിക്ഷ മറ്റുളളവര്‍ക്ക് പാഠമാകണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ വനിതകള്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. നാല് പ്രതികളെ പ്രതിനിധീകരിച്ച് രണ്ട് അഭിഭാഷകര്‍ ഹാജരായി.

പ്രതികള്‍ക്കെതിരായ ആരോപണം ഗുരുതര കുറ്റകൃത്യമായതുകൊണ്ടു തന്നെ പ്രതികള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ജഡ്ജി അഭിഭാഷകരോട് ആവശ്യപ്പെട്ടു. യാത്രാദൈര്‍ഖ്യമാണ് നേരിട്ട് ഹാജരാകുന്നതിന് തടസ്സമെന്ന് അഭിഭാഷകര്‍ മറുപടി നല്‍കി. വിചാരണയ്ക്ക് ഹാജരാകുന്നതിന് യാത്രാ ടിക്കറ്റും റിയാദില്‍ താമസസൗകര്യവും സര്‍ക്കാര്‍ ചെലവില്‍ ലഭ്യമാക്കണമെന്ന് ജഡ്ജി നിര്‍ദേശിച്ചു. ഒമ്പത് പ്രതികള്‍ അഭിഭാഷകരെ ചുമതലപ്പെടുത്തുകയോ കോടതിയില്‍ ഹാജരാവുകയോ ചെയ്തില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x