Currency

സൗദി അറേബ്യയുടെ നിക്ഷേപഫണ്ട് വിഹിതം വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Friday, December 2, 2016 10:21 am

റിയാദ്: സൗദി അറേബ്യയുടെ നിക്ഷേപ ഫണ്ടിലേക്ക് 100 ബില്യന്‍ റിയാല്‍ നല്‍കാന്‍ സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി. ധനകാര്യ, വികസന സമിതി മേധാവിയും പ്രതിരോധ മന്ത്രിയുമായ രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അഭ്യര്‍ഥന മാനിച്ചാണ് നിക്ഷേപഫണ്ട് വിഹിതം വര്‍ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്തിന്റെ നിക്ഷേപ ഫണ്ട് 700 ബില്യണ്‍ റിയാലായി ഉയരും. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ച ഭീമന്‍ പദ്ധതികളുടെ പുറമെയാണ് നിക്ഷേപഫണ്ടിലേക്ക് 100 ബില്യന്‍ അനുവദിച്ച വിവരം പുറത്തുവിട്ടത്.

സൗദി അറേബ്യ പ്രഖ്യാപിച്ച സാമ്പത്തിക വിസകന പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് സഹായകരമാവുന്ന തീരുമാനമാണ് സല്‍മാന്‍ രാജാവിന്റെ നടപടി. മുന്‍വര്‍ഷങ്ങളിലെ ബജറ്റുകളില്‍ നിന്നും ലഭിച്ച മിച്ച ധനത്തില്‍ നിന്ന് ഘഡുക്കളായാണ് ഫണ്ട് അനുവദിക്കുക. 600 ബില്യന്‍ മൂലധനമുണ്ടായിരുന്ന സൗദി നിക്ഷേപഫണ്ട് സല്‍മാന്‍ രാജാവ് പുതുതായി അനുവദിച്ച 100 ബില്യന്‍ റിയാല്‍ കൂടി ചേരുന്നതോടെ ലോകത്തെ ഏറ്റവും വലിയ നിക്ഷേപ ഫണ്ടുകളുടെ ഗണത്തിലേക്ക് ഉയരും. നോര്‍വെ, ചൈന, യു.എ.ഇയിലെ അബൂദബി നിക്ഷേപ ഫണ്ടുകള്‍ മാത്രമായിരിക്കും സൗദിയുടെ നിക്ഷേപഫണ്ടിന് മുകളിലുള്ള ഇതര സംരംഭങ്ങള്‍.

നിക്ഷേപഫണ്ടില്‍ 17 ശതമാനം മൂലധനത്തിന്റെ വര്‍ധനവുണ്ടാവുന്നതോടെ സൗദിയുടെ സാമ്പത്തിക മേഖലയില്‍ വന്‍ ഉണര്‍വുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക സാമ്പത്തിക നിക്ഷേപ മേഖലയില്‍ 10 ശതമാനം സൗദിയുടേതായിരിക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x