Currency

ഓസ്‌ട്രേലിയയുടെ ഏറ്റവും പ്രചാരമുള്ള നോട്ടില്‍ പിഴവ്

സ്വന്തം ലേഖകന്‍Monday, May 13, 2019 5:10 pm

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രചാരമുള്ള കറന്‍സി നോട്ടില്‍ പിഴവ്. നിരവധി സുരക്ഷ സംവിധാനങ്ങളുമായി കഴിഞ്ഞ ഒക്‌ടോബറില്‍ പുറത്തിറക്കിയ 50 ഡോളര്‍ നോട്ടിലാണ് അക്ഷരത്തെറ്റ്. റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പിഴവ് സമ്മതിക്കുകയും ഇനിയുള്ള നോട്ടുകളില്‍ തിരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ആദ്യ വനിത അംഗമായ ഈഡിത്ത് കോവന്റെ ചിത്രവും അവരുടെ പ്രഭാഷണശകലവും രേഖപ്പെടുത്തിയതായിരുന്നു നോട്ട്. കോവന്റെ പ്രഭാഷണത്തില്‍ ‘responsibility’ എന്ന വാക്ക് പരാമര്‍ശിക്കുന്നിടത്ത് ‘responsibilty’ എന്നാണ് പ്രിന്റ് ചെയ്തത്. ‘L’ കഴിഞ്ഞുള്ള ‘I’ നഷ്ടപ്പെട്ടുപോയി.

ഈ സീരീസിലുള്ള 46 ദശലക്ഷം നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലുള്ളത്. മാസങ്ങളായി പ്രചാരത്തിലുണ്ടെങ്കിലും വ്യാഴാഴ്ചയാണ് തെറ്റ് പൊതുജന ശ്രദ്ധയില്‍ വരുന്നത്. അതിസൂക്ഷ്മ പ്രസംഗഭാഗത്തെ ഭൂതക്കണ്ണാടി ഉപയോഗിച്ച് വലുതാക്കി ഒരാള്‍ ‘ട്രിപിള്‍ എം’ റേഡിയോ സ്‌റ്റേഷനിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഈ ചിത്രം വൈറലായതോടെയാണ് റിസര്‍വ് ബാങ്ക് പ്രതികരണവുമായി എത്തിയത്. അടുത്ത പ്രിന്റിങ്ങില്‍ പരിഹരിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നിലവില്‍ പ്രചാരത്തിലുള്ളത് പിന്‍വലിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x