Currency

ഓസ്ട്രേലിയയിലെ പിആറിനുള്ള മിനിമം സ്‌കോര്‍ ഉയര്‍ത്തി; കുടിയേറ്റം നിയന്ത്രിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍

സ്വന്തം ലേഖകന്‍Sunday, October 14, 2018 12:33 pm

ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടികളാരംഭിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ ഇക്കഴിഞ്ഞ ജൂലൈ ആദ്യം വന്‍ മാറ്റങ്ങളുണ്ടാകാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ഓസ്ട്രേലിയയിലെക്ക് കുടിയേറുകയെന്നത് ഇനി മുമ്പത്തേക്കാള്‍ ബുദ്ധിമുട്ടായേക്കും. ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തില്‍ കാര്യമായ വെട്ടിക്കുറയ്ക്കലുണ്ടാവുകയും ചെയ്യും. ഇമിഗ്രേഷന്‍ പ്രൊഫൈലുകള്‍ക്കുള്ള മിനിമം സ്‌കോറുകളിലും മാറ്റം വരുന്നുണ്ട്. കാനഡയിലേത് പോലെ ഓസ്ട്രേലിയയിലെ ഇമിഗ്രേഷന്‍ സിസ്റ്റവും പോയിന്റ് അധിഷ്ഠിതമാണ്.

ഇമിഗ്രേഷന്‍ അപേക്ഷകര്‍ക്ക് വിദ്യാഭ്യാസം, ഇംഗ്ലീഷിലുള്ള കഴിവ്, പ്രവൃത്തി പരിചയം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പോയിന്റുകള്‍ ലഭിക്കുന്നത്. ജൂലൈ ഒന്നിന് പിആറിന് ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിന് ലഭിക്കേണ്ടിയിരുന്ന ഏറ്റവും ചുരുങ്ങിയ പോയിന്റ് 60 ആയിരുന്നു. എന്നാല്‍ ഇപ്പോഴിത് 65 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ ജനകീയമായിരുന്ന ടെംപററി വര്‍ക്ക് വിസ ഓസ്ട്രേലിയ റദ്ദാക്കുകയും പുതിയതായി ഒന്ന് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ടെംപററി സ്‌കില്‍ ഷോര്‍ട്ടേജ് വിസ എന്നാണിത് അറിയപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇത് ആരംഭിച്ചിരുന്നത്. ടെംപററി വര്‍ക്ക് വിസകള്‍ക്ക് അര്‍ഹമായ തൊഴിലുകളുടെ എണ്ണം ഇതിലൂടെ ചുരുക്കിയിട്ടുണ്ട്. പുതിയ വിസ തൊഴില്‍ പരിചയകാലവും ഇംഗ്ലീഷ് ഭാഷാപരിചയുടെ ആവശ്യകതയും ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ അപേക്ഷകര്‍ക്കും 45 വയസില്‍ കുറവ് പ്രായം മാത്രമേ ഉണ്ടാകാവൂ എന്ന നിഷ്‌കര്‍ഷയും മുന്നോട്ട് വച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x