Currency

ഓസ്ട്രേലിയന്‍ വിസകളുടെ ഫീസ് കൂട്ടി; ഇംഗ്ലീഷ് പ്രാവീണ്യത്തിന് അധിക പോയിന്റ്

സ്വന്തം ലേഖകന്‍Thursday, April 4, 2019 1:22 pm

ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ ഏകദേശം എല്ലാ വിസകളുടെയും അപേക്ഷാ ഫീസ് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. .4 ശതമാനം വീതമാണ് വിസകളുടെ ഫീസ് കൂട്ടുന്നത്. ജൂലൈ ഒന്നു മുതല്‍ ഇത് നിലവില്‍വരും. വിസിറ്റര്‍ വിസ (സബ്ക്ലാസ് 600) ഒഴികെ മറ്റെല്ലാ വിസകള്‍ക്കും ഫീസ് വര്‍ദ്ധനവ് ബാധകമാണ്. ഈ മാറ്റത്തിലൂടെ നാലു വര്‍ഷം കൊണ്ട് 275 മില്യണ്‍ ഡോളര്‍ സ്വരൂപിക്കാം എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

അതേസമയം സെക്കന്ററി അപേക്ഷകന്/അപേക്ഷകയ്ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യമുണ്ടെങ്കില്‍ (competent English) പ്രൈമറി അപേക്ഷകര്‍ക്ക് അധിക പോയിന്റ് ലഭിക്കും. സ്‌കില്‍ഡ് മൈഗ്രേഷന്‍ വിസകള്‍ക്ക് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് നേട്ടമാകുന്ന പ്രഖ്യാപനമാണ് ഇത്.

നിലവില്‍ സെക്കന്ററി അപേക്ഷകരുടെ വൈദഗ്ധ്യത്തിന് പോയിന്റ് ലഭിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കണമായിരുന്നു. സെക്കന്ററി ആപ്ലിക്കന്റ് 45 വയസില്‍ താഴെയാകണം, ഇംഗ്ലീഷ് വൈദഗ്ധ്യം ഉണ്ടാകണം, അവരുടെ തൊഴില്‍ മേഖല സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉണ്ടാകണം തുടങ്ങിയവയായിരുന്നു കടമ്പകള്‍.

എന്നാല്‍ സ്‌കില്‍ അസസ്മെന്റ് ഇല്ലാതെ തന്നെ സെക്കന്ററി അപേക്ഷകരുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിന് പോയിന്റ് നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം. ദമ്പതികളായല്ലാതെ, ഒറ്റയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും അധിക പോയിന്റ് നല്‍കും എന്നും പ്രഖ്യാപനമുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ഈ വര്‍ഷം നവംബര്‍ മുതലായിരിക്കും മാറ്റം പ്രാബല്യത്തില്‍ വരിക.

രാജ്യത്തേക്കുള്ള മൊത്തം കുടിയേറ്റവിസകള്‍ വെട്ടിക്കുറയ്ക്കും. 1,90,000 ല്‍ നിന്നും 1,60,000 വിസകളായാണ് വാര്‍ഷിക കുടിയേറ്റം വെട്ടിക്കുറച്ചിരിക്കുന്നത്. അടുത്ത നാലു വര്‍ഷത്തേക്കാണ് ഈ മാറ്റം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x