Currency

ബ്രിട്ടണും വിമാനങ്ങളില്‍ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തുന്നു

സ്വന്തം ലേഖകൻWednesday, March 22, 2017 10:32 pm

മധ്യപൂര്‍വ രാജ്യങ്ങളില്‍നിന്നു യുകെയിലേക്കുള്ള വിമാനങ്ങളിലാണ് വിലക്ക്

ലണ്ടന്‍: യാത്രക്കാർ വിമാനത്തിനുള്ളിൽ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനു ബ്രിട്ടനില്‍ വിലക്കേർപ്പെടുത്തുന്നു. മധ്യപൂര്‍വ രാജ്യങ്ങളില്‍നിന്നു യുകെയിലേക്കുള്ള വിമാനങ്ങളിലാണ് വിലക്ക്. വിമാനയാത്രയില്‍ ലാപ്ടോപ്, ഐപാഡ്, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇനിമുതൽ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകാന്‍ സാധിക്കില്ല. മൊബൈല്‍ ഫോണുകളേക്കാള്‍ വലിയ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം തന്നെ ചെക്ക് ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകണം.

ലാപ്പ് ടോപ്പുകള്‍, ടാബുകള്‍, വീഡിയോ ഗെയിമുകള്‍, പോര്‍ട്ടബിള്‍ ഡിവിഡി പ്ലെയറുകള്‍, ക്യാമറകള്‍, എന്നിവയെല്ലാം വിലക്കിയ ഉപകരണങ്ങളുടെ പരിധിയിൽ വരും. അമേരിക്ക ചൊവ്വാഴ്ച മുതല്‍ ഖത്തര്‍, സൗദി, ദുബായ്, കുവൈത്ത്, ഈജിപ്ത്, മൊറോക്കോ, തുര്‍ക്കി, ജോര്‍ദാന്‍ തുടങ്ങി 8 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇതേ വിലക്ക് എർപ്പെടുത്തിയിരുന്നു.

വിമാനങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയും ബ്രിട്ടനും നടപടി സ്വീകരിക്കുന്നത്.

ബ്രിട്ടീഷ് എയര്‍വേയ്‌സ്, ഈസി ജെറ്റ്, ജെറ്റ് 2.കോം, മൊണാര്‍ക്ക്, തോമസ് കുക്ക്, തോംസണ്‍, തുര്‍ക്കി എയര്‍ലൈന്‍സ്, പീഗസസ് എയര്‍വെയ്‌സ്, അറ്റ്‌ലാസ് ഗ്ലോബല്‍ എയര്‍ലൈന്‍സ്, മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ്, ഈജിപ്റ്റ്എയര്‍, റോയല്‍ ജോര്‍ദാന്‍, ടുനിസ് എയര്‍, സൗദിയ എന്നീ വിമാനകമ്പനികളാണ് നിരോധനത്തിന്റെ പരിധിയിൽ വരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x