
ദുബായ്: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യുഎഇയും പങ്കുചേര്‍ന്നു. ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യനിര്‍മിത കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയും അബുദാബിയിലെ അഡ് നോക് കെട്ടിടവും ത്രിവര്‍ണമണിഞ്ഞു. ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനാഘോഷ രാത്രിയില്‍ രാത്രി 8.45നാണ് ത്രിവര്‍ണ പതാക പ്രത്യക്ഷപ്പെട്ടത്.
ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ ഊഷ്മളത പ്രകടിപ്പിക്കുന്നതായി. അപൂര്‍വ കാഴ്ച കാണാന്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന് പുരിയും ഒട്ടേറെ ഇന്ത്യക്കാരും സ്വദേശികളും ഇതര രാജ്യക്കാരും എത്തിയിരുന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരും പ്രസിഡന്റിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആശംസകള്‍ നേര്‍ന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.