Currency

സാഷ- മാലിയ സഹോദരിമാര്‍ക്ക് ബുഷിന്റെ മക്കളുടെ ഹൃദയസ്പര്‍ശിയായ കത്ത്

സ്വന്തം ലേഖകന്‍Saturday, January 14, 2017 1:30 pm

ഹ്യൂസ്റ്റന്‍: വൈറ്റ് ഹൗസില്‍ നിന്ന് വിടചൊല്ലാനൊരുങ്ങവേ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പുത്രികളായ സാഷക്കും മാലിയക്കും മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ മക്കളുടെ ഹൃദയസ്പര്‍ശിയായ കത്ത്. ”ബാല്യത്തില്‍ നിന്ന് യുവത്വത്തിലേക്ക് ശോഭയോടെയും ലാളിത്യത്തോടെയും നിങ്ങള്‍ വളരുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു” എന്നാണ് കത്തിന്റെ തുടക്കം.

വൈറ്റ് ഹൗസിന്റെ ചിട്ടവട്ടങ്ങളില്‍ നിന്ന് ആരും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനില്ലാത്ത ജീവിതത്തിലേക്ക് നിങ്ങള്‍ കടക്കുകയാണ്. മാതാപിതാക്കളുടെ നിഴലില്‍ നിന്നു മാറി നിങ്ങളുടെ ജീവിതം സ്വയമെഴുതി തുടങ്ങുകയാണ്. എങ്കിലും കഴിഞ്ഞ എട്ടുവര്‍ഷത്തെ അനുഭവങ്ങള്‍ എന്നും നിങ്ങളോടൊപ്പമുണ്ടാകും. വൈറ്റ്ഹൗസിന്റെ സമ്മര്‍ദത്തില്‍ നിന്ന് മാറി ജീവിതത്തിന്റെ പുതിയ ഏടാരംഭിക്കുന്ന നിങ്ങള്‍ക്ക് പിന്തുണയേകാന്‍ മാതാപിതാക്കള്‍ ഒപ്പമുണ്ടാകും.

അതുപോലെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഞങ്ങളും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് പറഞ്ഞാണ് ഒബാമയുടെ മക്കള്‍ക്കുള്ള ഉപദേശങ്ങളടങ്ങിയ കത്ത് അവസാനിക്കുന്നത്. ഇരട്ടസഹോദരികളായ ബാര്‍ബറ ബുഷും ജെന്ന ബുഷ് ഹാഗറും ചേര്‍ന്നെഴുതിയ തുറന്നകത്ത് പ്രസിദ്ധീകരിച്ചത് ടൈം മാഗസിനാണ്. ഇതാദ്യമായല്ല ഇവര്‍ ഒബാമയുടെ പുത്രിമാര്‍ക്ക് കത്തെഴുതുന്നത്. 2009ല്‍ വാള്‍സ്ട്രീറ്റ് ജേണലില്‍ സാഷയെയും മാലിയയെയും പിന്തുണച്ചുകൊണ്ട് ഇവര്‍ കത്തെഴുതിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x