
കാന്‍ബറ: പുതിയ കുടിയേറ്റക്കാര്‍ക്ക് ജീവിക്കാനും, ജോലി ചെയ്യാനും ലോകത്ത് ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി കാനഡയും പരിഗണിക്കപ്പെടുന്നു. ആഗോള തലത്തില്‍ എച്ച്.എസ്.ബി.എസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പട്ടികയില്‍ കാനഡ നാലാം സ്ഥാനത്ത് എത്തിയപ്പോള്‍ സിംഗപ്പൂരാണ് ഒന്നാം സ്ഥാനം നേടിയത്. ന്യൂസിലാന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
163 രാജ്യങ്ങളില്‍ താമസിക്കുന്ന 22,000 പ്രവാസികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ജീവിത നിലവാരം, സാമ്പത്തിക അവസ്ഥ, കുടുംബം പോറ്റുന്നതിനുള്ള സാഹചര്യങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ആദ്യ പത്തു രാജ്യങ്ങളുടെ പട്ടികയില്‍ ബഹറിന്‍, ഓസ്ട്രേലിയ, സ്വീഡന്, സ്വിറ്റ്സര്‍ലാന്‍ഡ്, തായ്വാന്, യു.എ.ഇ എന്നിവയും ഉള്‍പ്പെടുന്നു.
ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയിലേക്ക് കുടിയേറിയതെന്ന് പുതിയ കുടിയേറ്റക്കാരില്‍ 54 ശതമാനം പറഞ്ഞു. കരിയറിലെ വളര്‍ച്ചയാണ് 24 ശതമാനത്തെ ഇവിടേക്ക് ആകര്‍ഷിച്ചത്. തങ്ങളുടെ മാതൃരാജ്യത്തേക്കാള്‍ ഹൃദ്യമായ സ്വാഗതമാണ് കാനഡ നല്‍കുന്നതെന്ന് 68 ശതമാനം വിലയിരുത്തുന്നു. കാഡനയില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്ന് 70 ശതമാനം പറഞ്ഞു. കനേഡിയന്‍ പൗരന്മാരായി മാറാന്‍ ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ലെന്ന് 60 ശതമാനം വിലയിരുത്തി. കാനഡയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്നും, ഒരു വര്‍ഷം കൊണ്ട് സ്വന്തം വീട്ടിലെ അന്തരീക്ഷത്തിലേക്ക് എത്താന്‍ കഴിഞ്ഞുവെന്നും 56 ശതമാനം സര്‍വേയില്‍ പറഞ്ഞു.
അമേരിക്ക, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങള്‍ കുടിയേറ്റ വിരുദ്ധ സമീപനത്തില്‍ ഉറച്ചു നില്ക്കുമ്പോള് കാനഡ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയാണ്. 2018 – 20 കാലഘട്ടത്തില്‍ ഒരു മില്യണ്‍ പുതിയ കുടിയേറ്റക്കാരെ കാനഡ സ്വാഗതം ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.