
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയിലേക്ക് ചുവടുവെച്ച് ഡല്‍ഹി സര്‍ക്കാര്‍. തലസ്ഥാനത്തെ ചന്തകള്‍ ഇചന്തകളാക്കി മാറ്റി ആധുനികവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കച്ചവടത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ മതിയായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും വികസനമന്ത്രി ഗോപാല്‍ റായ് പറഞ്ഞു. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടൊഴിവാക്കാന്‍ നഗരത്തിലെ ചന്തകളില്‍ 38 പി.ഒ.എസ്. (പോയന്റ് ഓഫ് സെയില്‍) യന്ത്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നതായും മന്ത്രി അറിയിച്ചു.
രണ്ടരവര്‍ഷത്തിനുള്ളില്‍ ഡല്‍ഹി അതിര്‍ത്തിയായ തിക്രി ഖാന്‍പുരില്‍ 800 കോടിരൂപ മുതല്‍മുടക്കില്‍ ഇചന്ത സ്ഥാപിക്കും. എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ളതാവും ചന്ത. 70 ഏക്കര്‍ സ്ഥലത്താണ് ഈ ആധുനിക ചന്ത വികസിപ്പിക്കുക. ചന്തകളുടെ മുഖം മാറ്റത്തിനായി പ്രത്യേക കണ്‍സള്‍ട്ടന്റിനെ ചുമതലപ്പെടുത്തും. ആസാദ്പുര്‍ മണ്ഡിയിലെ തിരക്കുകുറയ്ക്കാന്‍ ഇചന്തയായി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഗാസിപ്പുര്‍ ചന്തയിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഇവിടെ നാലുനിലക്കെട്ടിടം നിര്‍മിച്ചുകഴിഞ്ഞു. ഗാസിപ്പുരിലെ പൂമാര്‍ക്കറ്റും ആധുനികമാക്കും. ഇതിനായി 140 കോടി രൂപ വകയിരുത്തി.
ശീതീകരണ സംഭരണികളുള്ള 432 കടകളും സജ്ജമാക്കും. കോഴിവളര്‍ത്തല്‍ മാര്‍ക്കറ്റിലും മുഖംമാറ്റം പ്രകടമാക്കും. ഇതിനായി 120 കോടിരൂപ ബജറ്റില്‍ വകയിരുത്തി. ഇതിനായി ഗാസിപ്പുരില്‍ അത്യാധുനിക സൗകര്യങ്ങളുള്ള മൂന്നുനില കെട്ടിടം നിര്‍മിക്കും. 120 കടകള്‍ ഈ കെട്ടിടത്തിലുണ്ടാവും. മംഗോള്‍പുരിയിലെ കാലിത്തീറ്റ മാര്‍ക്കറ്റ് പച്ചക്കറിച്ചന്തയായി വികസിപ്പിക്കാനാണ് മറ്റൊരു തീരുമാനം. ആസാദ്പുരില്‍ സിമന്റ് സംഭരണശാലയിലും പുനര്‍നിര്‍മാണം നടപ്പാക്കും. അഴുക്കുചാല്‍ സംവിധാനവും മെച്ചപ്പെടുത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.