
ന്യൂഡല്‍ഹി: ഡി.ടി.സി, ക്ലസ്റ്റര്‍ ബസ് ചാര്‍ജുകള്‍ 75 ശതമാനം കുറയ്ക്കുന്നത് സംബന്ധിച്ച ഫയല്‍ ഡല്‍ഹി സര്‍ക്കാര്‍ ലഫ്. ഗവര്‍ണര്‍ക്കയച്ചു. ഡി.ടി.സി ബസുകളുടെ നിരക്ക് ഒരു മാസത്തേക്ക് കുറയ്ക്കാന്‍ മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ് കഴിഞ്ഞമാസം എ.എ.പി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. നഗരത്തിലെ വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണിത്.
എ.സി. ഇല്ലാത്ത എല്ലാ ഡി.ടി.സി, ക്ലസ്റ്റര്‍ ബസുകളിലും ഒരു മാസത്തേക്ക് അഞ്ച് രൂപ എന്ന ഒറ്റ നിരക്ക് നടപ്പാക്കാനാണ് നിര്‍ദേശം. എ.സി. ബസുകളില്‍ പത്ത് രൂപയുമാക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി. നിലവില്‍ എ.സി. ബസില്‍ യാത്ര ചെയ്യാന്‍ പത്ത് മുതല്‍ 25 രൂപ വരെയാണ് നിരക്ക്. എ.സി. ഇല്ലാത്തവയില്‍ അഞ്ച് മുതല്‍ 15 വരെയും. നിരക്ക് കുറയ്ക്കുന്നതിനോട് ചില ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണിത്.
ജനുവരി ഒന്നു മുതല്‍ നിരക്കിളവ് നടപ്പാക്കിത്തുടങ്ങാനാണ് നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് വിവിധ വകുപ്പുകളുടെ അഭിപ്രായം സര്‍ക്കാര്‍ ആരാഞ്ഞതിനാലാണ് കാലതാമസമുണ്ടായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.