Currency

എമിഗ്രേഷന്‍ ക്ലിയറന്‍സ് രേഖപ്പെടുത്താന്‍ സൗദി പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളില്‍ തിരക്കേറുന്നു

സ്വന്തം ലേഖകന്‍Sunday, April 8, 2018 10:59 am

ജിദ്ദ: എമിഗ്രേഷന്‍ ക്ലിയറന്‍സില്ലാത്തവരെ നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ തടയുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് സൗദിയിലെ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. റിയാദിലും ജിദ്ദയിലും എമിഗ്രേഷന്‍ ക്ലിയറന്‍സ് (ഇ.സി.എന്‍.ആര്‍) രേഖപ്പെടുത്താന്‍ പ്രതിദിനം നൂറിലേറെ അപേക്ഷകളാണ് ലഭിക്കുന്നത്. റീ എന്‍ട്രിയില്‍ പോയി തിരിച്ചുവരുന്നവരെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ പേരില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍നിന്ന് തിരിച്ചയക്കുന്നതായാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹി, യുപി വിമാനത്താവളങ്ങളിലാണ് പ്രശ്‌നമെന്ന് യാത്രക്കാര്‍ പറയുന്നു. നേരത്തെ എമിഗ്രേഷന്‍ ക്ലിയറന്‍സില്ലാതെ വിദേശത്ത് പോയി തിരിച്ചുവന്നവര്‍ക്കാണ് യാത്രാ അനുമതി നിഷേധിക്കുന്നത്. ഇതോടെ തിരക്കും അപേക്ഷകളും കുമിയുകയാണ് വിഎഫ്എസ് സെന്ററുകളിലും. പാസ്പോര്‍ട്ട് സംബന്ധമായ മറ്റു സേവനങ്ങള്‍ക്കെത്തുന്നവരും അതിരാവിലെ വി.എഫ്.എസ് കേന്ദ്രങ്ങളിലെത്തേണ്ട അവസ്ഥയാണ്. എമിഗ്രേഷന്‍ ക്ലിയറന്‍സിന് അപേക്ഷ നല്‍കുന്നവരില്‍ ഉത്തരേന്ത്യക്കാരാണ് കൂടുതലെങ്കിലും മലയാളികളും അപേക്ഷയുമായി എത്തുന്നുണ്ട്.

ഇന്ത്യയില്‍ എല്ലാ വിമാനത്താവളങ്ങളിലും എമിഗ്രേഷന്‍ പരിശോധന നിലവില്‍ കര്‍ശനമാണ്. സൗദി അറേബ്യയില്‍ എത്തിയവരാണ് കൂടുതലും എമിഗ്രേഷന്‍ നടപടികള്‍ കര്‍ശനമല്ലാത്ത സമയത്താണ്. വിദ്യാഭ്യാസ യോഗ്യതയും കുറവാണിവര്‍ക്ക്. ഇവര്‍ ഇതുവരെ പാസ്പോര്‍ട്ടില്‍ ഇസിഎന്‍ആര്‍ അഥവാ എമിഗ്രേഷന്‍ ക്ലിയറന്‍സ് രേഖപ്പെടുത്തിരുന്നില്ല. എന്നാല്‍ പുതിയ പാസ്പോര്‍ട്ട് സൗദിയില്‍ നിന്ന് ലഭിക്കുന്നതോടെ ഇസിഎന്‍ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. വിദേശത്ത് മൂന്നു വര്‍ഷം ജോലി ചെയ്താല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിന് അര്‍ഹരാണ്. എന്നാല്‍ ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ അത് പാസ്പോര്‍ട്ടില്‍ കാണിക്കണം.

നേരത്തെ പ്രത്യേക സീല്‍ ചെയ്താണ് ഇസിഎന്‍ആര്‍ രേഖപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ ആ സംവിധാനം നിര്‍ത്തി. ഇസിഎന്‍ആര്‍ ആവശ്യപ്പെട്ട് പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നല്‍കിയാല്‍ മതി. അപേക്ഷകര്‍ക്ക് ഒരാഴ്ചക്കകം പുതിയ പാസ്പോര്‍ട്ട് ലഭിക്കും. നിലവില്‍ ഫൈനല്‍ എക്സിറ്റിന് പോകുന്നവരും എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാത്തവരും പാസ്പോര്‍ട്ട് പുതുക്കി ഇസിഎന്‍ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തിരക്കിലാണ്. ഇതാണ് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നതും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x