
മസ്കറ്റ്: വീട്ടുടമകളൂമായി ഉണ്ടാക്കുന്ന വാടകക്കരാർ പ്രാവസികൾക്ക് കെണിയാകുന്നു. 90 ശതമാനം വാടകക്കാരാറും ഒരു വർഷത്തേക്കാണ് എഴുതുന്നത്. അതേസമയം രാജ്യത്തെ മിക്ക കമ്പനികളും തൊഴിൽ കരാർ ആറ് മാസത്തേക്കാണ് എഴുതുന്നതുതാനും. ഇതുമൂലം ആറുമാസക്കാലാവധിയ്ക്ക് ശേഷം വീടൊഴിയേണ്ടി വരുമ്പോൾ ഒരു വർഷത്തെ വാടക അടക്കേണ്ടി വരുന്ന സാഹചര്യമാണ് പ്രവാസികൾക്കുള്ളത്.
ഒമാനിലെ കുടിയായ്മ നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 6 പ്രകാരം ഒരു വർഷത്തേക്കോ ആറു മാസത്തേക്കോ മൂന്ന് മാസത്തേക്കോ വാടകക്കരാർ എഴുതാവുന്നതാണ്. അതേസമയം കാലാവധിയ്ക്ക് മുമ്പ് വാടകക്കാരൻ വീടൊഴിയുമ്പോൾ കരാർ പ്രകാരമുള്ള മുഴുവൻ മാസത്തെയും വാടക നൽകാൻ ബാധ്യസ്ഥനാണ്. ഇതാണ് നിലവിൽ പ്രവാസികൾക്ക് കെണിയായിരിക്കുന്നത്.
മിക്ക വീട്ടുടമസ്ഥരും ഒരു വർഷത്തെ കുറഞ്ഞ കാലത്തേക്ക് കരാർ എഴുതാൻ ഒരുക്കമല്ല. അതേസമയം എണ്ണവിലയിടിവും മറ്റും മൂലമുണ്ടായ സാമ്പത്തിക ഞെരുക്കം കാരണം തൊഴിൽദാതാക്കളാകട്ടെ പലപ്പോഴും 6 മാസത്തേക്ക് മാത്രമാണ് തൊഴിൽ കരാർ എഴുതുന്നത്. ഈ സാഹചര്യത്തിൽ ഇക്കാലയളവിനു ശേഷം തൊഴിൽ നഷ്ടപ്പെട്ട പ്രവാസിയ്ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങി പോകണമെങ്കിൽ ശേഷിക്കുന്ന വാടകകൂടി നൽകേണ്ടിവരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.