Currency

പ്രതിമാസ ലെവി: സൗദിയില്‍ നിന്ന് വര്‍ഷം 1,65,000 പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയെന്നു വിദഗ്ധര്‍

സ്വന്തം ലേഖകന്‍Sunday, July 9, 2017 12:09 pm

നിലവില്‍ 11 ലക്ഷം കുടുംബങ്ങളിലായി 43 ലക്ഷം ആശ്രിതര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 3.7 ശതമാനത്തോളം വരുന്ന 8800 കോടി റിയാലാണു ഇവര്‍ വര്‍ഷം ചെലഴിക്കുന്നത്.

 

ജിദ്ദ: സൗദിയില്‍ വിദേശികളില്‍ നിന്ന് പ്രതിമാസ ലെവി ഈടാക്കി തുടങ്ങിയതോടെ ഓരോവര്‍ഷവും 1,65,000 പേര്‍ നാട്ടിലേക്കു മടങ്ങാന്‍ സാധ്യതയെന്നു സാമ്പത്തിക വിദഗ്ധര്‍. രാജ്യത്തെ ഉപഭോഗത്തില്‍ ഇത് വന്‍ ഇടിവുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവില്‍ 11 ലക്ഷം കുടുംബങ്ങളിലായി 43 ലക്ഷം ആശ്രിതര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 3.7 ശതമാനത്തോളം വരുന്ന 8800 കോടി റിയാലാണു ഇവര്‍ വര്‍ഷം ചെലഴിക്കുന്നത്.

കൂടുതല്‍ ആശ്രിതരുള്ള കുടുംബങ്ങളെ പുതിയ ഫീസ് ഏറെ പ്രതികൂലമായി ബാധിക്കും. 2020 ആകുമ്പോഴേക്കും പ്രതിമാസ ആശ്രിത ഫീ 400 റിയാലായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീട്ടുചെലവിനായുള്ള തുകയില്‍ 14 ശതമാനം കുറവുണ്ടാകുമെന്നാണു കണക്കാക്കുന്നത്. റീട്ടെയില്‍, ഭക്ഷ്യമേഖലകളിലും വിദ്യാഭ്യാസം, യാത്ര, ടെലികോം തുടങ്ങിയ സേവന മേഖലകളിലുമാണ് ഇത് ഉടന്‍ ആഘാതമേല്‍പിക്കുക.

കുടുംബത്തോടൊപ്പം രാജ്യത്തു കഴിയുന്ന 11 ലക്ഷം വിദേശ തൊഴിലാളികളില്‍ 53 ശതമാനം ആളുകള്‍ 10,000 റിയാലില്‍ കുടുതല്‍ പ്രതിമാസ വേതനം പറ്റുന്നവരാണ്. ഗോസി അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം തൊഴിലുടമകള്‍ വീട്ടുവാടകയും വിദ്യാഭ്യാസ അലവന്‍സും നല്‍കുന്നവരെ ആശ്രിത ഫീ വലിയ തോതില്‍ ബാധിക്കില്ലെന്നാണ് അനുമാനം. 9000 മുതല്‍ 10,000 വരെ ശമ്പളം ലഭിക്കുന്ന വിഭാഗത്തിലാണ് ഇവരുള്‍പ്പെടുന്നത്.

ഈ വിഭാഗത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന ആശ്രിതര്‍ കുറവായിരിക്കും. പുതിയ ഫീയില്‍ പരമാവധി ഈടാക്കി തുടങ്ങുന്ന 2020 മുതല്‍ വീട്ടുസാധനങ്ങള്‍ക്കായുള്ള ചെലവില്‍ വര്‍ഷം 1300 കോടിയിലേറെ റിയാലിന്റെ കുറവുണ്ടാകുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x