Currency

മികച്ച പ്രവാസി തൊഴിലിടം: യു.എ.ഇക്ക് നാലാം സ്ഥാനം

സ്വന്തം ലേഖകന്‍Wednesday, January 4, 2017 1:00 pm

റിയാദ്: പ്രവാസികള്‍ക്ക് മികച്ച തൊഴിലിടം ഉറപ്പാക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇക്ക് നാലാം സ്ഥാനം. എച്ച്.എസ്.ബി.സി ബാങ്ക് ആഗോളതലത്തില്‍ പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് യുഎഇ മുന്നിലെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 27,000 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. 3,092 പേരാണ് യു.എ.ഇയില്‍നിന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. നേരത്തേ ആറാം സ്ഥാനത്ത് ആയിരുന്ന രാജ്യം ഇത്തവണ നില മെച്ചപ്പെടുത്തുകയായിരുന്നു.

മിഡിലീസ്റ്റ്, ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ യു.എ.ഇ ഒന്നാം സ്ഥാനത്താണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് യുഎഇക്ക് മുന്നിലുള്ളത്. ജോലിജീവിത സന്തുലനം, തൊഴില്‍ സംസ്‌കാരം, തൊഴില്‍ പുരോഗതി, ആനുകൂല്യങ്ങള്‍, വരുമാനം തുടങ്ങി എട്ട് വിഭാഗങ്ങളിലായാണ് സര്‍വേ അഭിപ്രായം ആരാഞ്ഞത്. എട്ടിലും യു.എ.ഇ നില മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെടുത്തി.

ജോലിക്കാരുടെ വരുമാനത്തിന്റെ കാര്യത്തില്‍ യു.എ.ഇ ലോകത്ത് മൂന്നാമതാണ്. ആനൂകൂല്യങ്ങളില്‍ അഞ്ചാമതുമാണ്. യുഎഇയിലെ ശമ്പളം ആഗോള ശരാശരിയേക്കാള്‍ 14 ശതമാനം കൂടുതലാണെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു. സ്വന്തം രാജ്യത്തേക്കാള്‍ കൂടുതല്‍ യു.എ.ഇയില്‍ സമ്പാദിക്കാന്‍ കഴിയുന്നു എന്ന് 65 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇത് 75 ശതമാനവും ഖത്തറില്‍ 66 ശതമാനവുമാണ്. യു.എ.ഇയില്‍ 56 ശതമാനം പ്രവാസി ജീവനക്കാര്‍ക്കും താമസവും 75 ശതമാനം പേര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കുന്നുതായി സര്‍വേ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x