
ബെർലിൻ: 12.6 ശതമാനം വോട്ടുനേടി ചരിത്രത്തിലാദ്യമായി ജര്‍മന്‍ പാര്‍ലമെന്റില്‍ ഇടം നേടിയ എഎഫ്ഡി പാർട്ടിയിൽ ഭിന്നത രൂക്ഷമായി. അപ്രതീക്ഷിതമായി ലഭിച്ച വോട്ടും ജനപിന്തുണയും 94 അംഗങ്ങളുടെ പാര്‍ലമെന്റ് പ്രവേശനവും ആവേശത്തോടെ അനുയായികൾ ആഘോഷിക്കുന്നതിനിടെയാണു രണ്ടു ചേരികളിലായി നേതാക്കള്‍ അണിനിരന്ന് പിളർപ്പിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.
പാര്‍ട്ടി അധ്യക്ഷ ഫ്രൗക്കെ പെട്രിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായാണു റിപ്പോർട്ട്. എന്നാൽ താൻ സ്വയം പാർട്ടിവിടുകയായിരുന്നുവെന്ന് പെട്രി അറിയിച്ചു. പെട്രിക്കൊപ്പം ഭര്‍ത്താവ് മാര്‍ക്കൂസ് പ്രെറ്റ്സലിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. സഹഅധ്യക്ഷ ആലിസ് വീഡല്‍ ആകും ഇനി പാർട്ടിയുടെ തലപ്പത്ത് എത്തുക. നേരത്തെ വീഡലാണു പ്രായോഗിക തലത്തില്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിച്ചത്.
അതിനിടെ ചാൻസലർ ആയി തെരഞ്ഞെടുക്കപ്പെട്ട ആംഗല മെര്‍ക്കല്‍ കൂട്ടുകക്ഷി സർക്കാർ രൂപീകരണ ചര്‍ച്ചകള്‍ ഊർജിതമാക്കി. ജെമൈക്ക മോഡല്‍ എന്ന പേരിവൽ സിഡിയു, എഫ്ഡിപി, ഗ്രീന്‍ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സഖ്യത്തിൽ ഭരണം തുടരാനാണു മെർക്കലിന്റെ നീക്കം. ഘടക കക്ഷികള്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കാമെന്ന് മെർക്കൽ വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.