Currency

ദുബായ്- ഷാര്‍ജ യാത്രയ്ക്ക് സമയ ലാഭം; ഇനി എട്ട് മിനിറ്റ് മതി

സ്വന്തം ലേഖകന്‍Wednesday, July 24, 2019 2:37 pm

ദുബായ്: ദുബായില്‍നിന്ന് ഷാര്‍ജയിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറച്ചുകൊണ്ട് പുതിയ റോഡ് ഗതാഗതത്തിനായി തുറന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും എമിറേറ്റ്സ് റോഡിനെയും ബന്ധിപ്പിക്കുന്ന രീതിയില്‍ നവീകരിച്ച പുതിയ 12 കിലോമീറ്റര്‍ റോഡാണ് തുറന്നത്.

ദുബായ്- ഷാര്‍ജ യാത്ര മാത്രമല്ല ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍നിന്ന് ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിലേക്കുള്ള യാത്രാസമയവും ട്രിപ്പോളി റോഡ് വികസന പദ്ധതി തുറന്നതോടെ കുറയും. നിലവില്‍ പതിനൊന്ന് മിനിറ്റാണ് ഇരു റോഡുകളും തമ്മിലുള്ള യാത്രാസമയം, ഇത് നാല് മിനിറ്റായി ചുരുങ്ങും. പുതിയ റോഡ് വഴി മണിക്കൂറില്‍ 2000 വണ്ടികള്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍നിന്ന് എമിറേറ്റ്സ് റോഡിലേക്ക് സഞ്ചരിക്കാം. ഇത് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ ഗതാഗതം പത്ത് ശതമാനം വരെ കുറയ്ക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ അല്‍ തായര്‍ പറഞ്ഞു.

ഇരുവശങ്ങളിലേക്കുമായി മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ക്ക് ഒരേസമയം, സഞ്ചരിക്കാവുന്ന റോഡ് സംവിധാനമാണിത്. അല്‍ അമര്‍ദി-അല്‍ ഖവനീജ് റോഡിനും അല്‍ അവീര്‍- റാസ് അല്‍ ഖോര്‍ റോഡിനും സമാന്തരപാതയായി ഇതുമാറും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x