Currency

MacBook ലാപ്ടോപ്പുമായി വിമാനങ്ങളില്‍ യാത്ര ചെയ്യാനാവില്ല; വിലക്കുമായി വിമാന കമ്പനികള്‍

സ്വന്തം ലേഖകന്‍Thursday, August 29, 2019 7:54 pm

ഓസ്‌ട്രേലിയ: ബാറ്ററി തകരാറു മൂലം തീപിടിത്തമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ചില മോഡല്‍ മാക്ബുക്ക് പ്രോ ലാപ്പ്ടോപ്പുകള്‍ ആപ്പിള്‍ കമ്പനി തിരിച്ചുവിളിച്ചതിനു പിന്നാലെ, വിവിധ വിമാന കമ്പനികള്‍ മാക്ബുക്കുമായി യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി. 2015- 2017 കാലയളവില്‍ വിറ്റഴിച്ച 15-ഇഞ്ച് മാക്ബുക്ക് പ്രോയില്‍ ഉപയോഗിച്ചിട്ടുള്ള ലിഥിയം- അയോണ്‍ ബാറ്ററി അമിതമായി ചൂടായി തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഇവ തിരിച്ചുവിളിച്ചത്.

ഇതേതുടര്‍ന്ന് ഈ മോഡലുകളിലുള്ള മാക്ബുക്ക് പ്രോയുമായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ മാക്ബുക്ക് പ്രോക്ക് വിലക്കേര്‍പ്പെടുത്തിയത്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സ്: മാക്ബുക്ക് പ്രോയുമായി യാത്ര ചെയ്യുന്നത് ഓഗസ്റ്റ് 25നു സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിലക്കേര്‍പ്പെടുത്തി. ചെക്ക് ഇന്‍ ബാഗേജ് ആയോ ക്യാരിഓണ്‍ ലഗേജ് ആയോ ഇവ കൈവശം കരുതുന്നത് അനുവദനീയമല്ലെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഇതിനു പിന്നാലെ തായ് എയര്‍വെയ്‌സും ചെക്ക് ഇന്‍ ബാഗേജ് ആയോ ക്യാരിഓണ്‍ ലഗേജ് ആയോ ഇവ കൊണ്ടുപോകുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭാഗിക വിലക്കുമായി ഓസ്ട്രേലിയന്‍ വിമാനക്കമ്പനികളും: വിദേശ കമ്പനികള്‍ക്ക് പിന്നാലെ പ്രമുഖ ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനികളും മാക്ബുക്ക് പ്രോയുമായി യാത്ര ചെയ്യുന്നതില്‍ ഭാഗികമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്വാണ്ടസ്, വിര്‍ജിന്‍ ഓസ്ട്രേലിയ, ജെറ്റ്സ്റ്റാര്‍ എന്നീ കമ്പനികളാണ് വിലക്കേര്‍പ്പെടുത്തിരിക്കുന്നത്. എല്ലാ മാക്ബുക്ക് മോഡലുകളും ചെക്ക്ഡ് ബാഗേജ് ആയി കൊണ്ടുപോകുന്നതിലാണ് ഇവര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരിച്ചുവിളിച്ച മോഡലുകള്‍ക്ക് മാത്രമല്ല ഈ വിലക്ക് ബാധകം. അതേസമയം ക്യാബിന്‍ ബാഗേജായി ഇത് കൈവശം കരുതുന്നതില്‍ കമ്പനി വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഇന്ത്യന്‍ വിമാനക്കമ്പനികളും: മാക്ബുക്ക് പ്രോയുമായി യാത്ര ചെയ്യുന്നതില്‍ ഇന്ത്യയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്തോ മറ്റ് വിദേശരാജ്യങ്ങളിലേക്കോ ഇതുമായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അറിയിച്ചു. ഹാന്‍ഡ് ബാഗേജ് ആയോ ചെക്കിന്‍ ലഗേജ് ആയോ ഇവ വിമാനത്തില്‍ അനുവദിക്കില്ലെന്നും DGCA അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x