ജര്‍മൻകാരനില്‍ കുട്ടി ജനിച്ചു എന്നു രേഖയുണ്ടാക്കിയാല്‍ അഭയാർത്ഥി സ്ത്രീകൾക്കു രാജ്യത്ത് തങ്ങാനാകും
ബെർലിൻ: പണത്തിനായി ജർമ്മൻ യുവാക്കൾ അഭയാർത്ഥി സ്ത്രീകളുടെ കുട്ടികളുടെ പിതൃത്വം എറ്റെടുക്കുന്നതായി പ്രോസിക്യൂട്ടര്‍മാര്‍. ജര്‍മനിയില്‍ തങ്ങാന്‍ അനുമതി ലഭിക്കുമെന്നതിനാൽ പണവുമായി അഭയാർത്ഥി സ്ത്രീകൾ ഇതിനായി ജർമ്മൻ യുവാക്കളെ സമീപിക്കുന്നത് പതിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജൈവശാസ്ത്രപരമായി അച്ഛനായില്ലെങ്കില്‍ പോലും കുട്ടിയുടെ പിതൃത്വം നിയമപരമായി ഏറ്റെടുക്കാന്‍ ജര്‍മൻ നിയമം അനുവദിക്കുന്നുണ്ട്. ഇതാണ് അഭയാർത്ഥി സ്ത്രീകൾ ഉപയോഗപ്പെടുത്തുന്നത്. ജര്‍മൻകാരനില്‍ കുട്ടി ജനിച്ചു എന്നു രേഖയുണ്ടാക്കിയാല്‍ ഇവർക്കു രാജ്യത്ത് തങ്ങാനാകും.
ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ഏതെങ്കിലും ജര്‍മൻകാരനെ പണം കൊടുത്ത് സ്വാധീനിക്കുകയാണ് പലരും ചെയ്യുന്നതെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. ഇതുവഴി ജനിക്കുന്ന കുട്ടിയ്ക്ക് ജർമ്മൻ പൗരത്വവും ലഭിക്കും. ഒപ്പം അഭയാർത്ഥി സ്ത്രീയ്ക്ക് രാജ്യത്ത് തങ്ങാനുള്ള അനുമതിയും.
ചില ജർമ്മൻ യുവാക്കൾ പത്തു കുട്ടികളുടെ വരെ അച്ഛന്റെ സ്ഥാനത്ത് സ്വന്തം പേരെഴുതി ചേര്‍ത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. പണം നല്‍കാമെന്നു പറയുമ്പോള്‍ പല ജര്‍മനിക്കാരും പിതൃത്വം ഏറ്റെടുക്കാൻ തയ്യാറാകുന്നതായാണ് റിപ്പോർട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.