Currency

ജര്‍മനിയിലെ പുതുക്കിയ വാഹന നിയമം പ്രാബല്യത്തിൽ

Thursday, October 19, 2017 4:36 pm

കർശനമാക്കിയാണു നിയമം പരിഷ്കരിച്ചിരിക്കുന്നത്

ബർലിൻ: ജര്‍മനിയിലെ പുതുക്കിയവാഹന നിയമം പ്രാബല്യത്തിൽ വന്നു.വാഹനമോടിയ്ക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം, മുഖം മറച്ചുള്ള ഡ്രൈവിംഗ്, ആംബുലന്‍സുകളെയും, രക്ഷാപ്രവര്‍ത്തന വാഹനങ്ങളെയും തടസപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുകയോ നിരോധിയ്ക്കുകയോ ചെയ്യുന്ന തരത്തിൽ കർശനമാക്കിയാണു നിയമം പരിഷ്കരിച്ചിരിക്കുന്നത്.

വാഹനം ഓടിക്കുമ്പോൾ മൊബൈല്‍ ഉപയോഗിച്ചാല്‍ 150 യൂറോ പിഴയും ഒരുമാസം ലൈസന്‍സ് സസ്പെന്‍ഷനും ലഭിക്കും. ആംബുലന്‍സിന്റെ മാര്‍ഗ്ഗം തടപ്പെടുത്തിയാല്‍ 200 യൂറോ മുതല്‍ 320 യൂറോ വരെ പിഴയും ഒരു മാസത്തെ ലൈസന്‍സ് സസ്പെന്‍ഷനും പോലീസ് എമര്‍ജന്‍സി വാഹനങ്ങളും മറ്റു എമര്‍ജന്‍സി വാഹനങ്ങളും തടസപ്പെടുത്തിയാല്‍ 240 മുതല്‍ 320 യൂറോ പിഴയും ഒരു മാസം ലൈസന്‍സ് സസ്പെന്‍ഷനുമാണ് ശിക്ഷ.

വാഹനമോടിയ്ക്കുമ്പോള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ 100 മുതല്‍ 200 യൂറോ വരെ പിഴയും ഒരു മാസത്തെ ലൈസന്‍സ് സസ്പെന്‍ഷനും ലഭിക്കും. സൈക്കിള്‍ സവാരി ചെയ്യുമ്പോള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ 55 യൂറോ പിഴയടയ്ക്കണം. വാഹന നിയമങ്ങള്‍ ഒന്നും പാലിയ്ക്കാതെ പിടിയ്ക്കപ്പെട്ടാല്‍ കനത്ത തുക പിഴയും രണ്ടു വര്‍ഷം ജയില്‍വാസവും, ആജീവനാന്തം ലൈസന്‍സ് റദ്ദാക്കലും നേരിടേണ്ടി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x